സ്ഥല തർക്കത്തിൽ തകരുമോ പ്ലാവുകളുടെ ജനിതക ശേഖരവും ജൈവാവാസ ചക്രവും.
- Posted on June 03, 2025
- News
- By Goutham prakash
- 191 Views
*സി.ഡി. സുനീഷ്.*
കാർഷിക സർവ്വകലാശാല മണ്ണുത്തിയിലെ അഗ്രി കൾച്ചർ റിസേർച്ച് സ്റ്റേഷനിലെ പ്ലാവും മാവുമടക്കമുള്ള ജനിതക ശേഖര ഭൂമി ഇന്ന് ഒരവകാശ തർക്കത്തിലാണ്.
വെറ്റിനറി സർവ്വകലാശാല ഈ ഭൂമി വേണമെന്നാവശ്യം ഒടുവിൽ ഒരു തർക്കത്തിലെത്തി.
പ്രശ്നം കലുഷമായപ്പോൾ ഈ പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യ മന്ത്രി പിണറായി വിജയൻ ജൂൺ 9 ന് ഓൺ ലൈൻ യോഗം വിളിച്ചിരിക്കയാണ്.
ഭക്ഷ്യ - ജല - ആവാസ വ്യവസ്ഥ - ശുദ്ധ വായു സുരക്ഷക്ക് പോലും ഏറെ പ്രാധാന്യം ഉള്ള
ഈ ജൈവ കലവറയാണ് ഭൂമി തർക്കത്തിലേക്ക് എത്തിയിരിക്കുന്നത്.
ലോകത്തിന്റ വിശപ്പിന്, രുചിയുള്ള പോഷകമുള്ള ഔഷധഗുണമുള്ള മറുപടിയാണ് കേരളത്തിന്റെ വൈവിധ്യമാർന്ന ചക്ക. പ്ലാവിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഒരേ ഒരു ജൈവ വൈവിധ്യ തോട്ടമാണ് 50 വർഷത്തിലേറെ പ്രായമുള്ള 193 തരം നാടൻ പ്ലാവുകളെ സംരക്ഷിക്കുന്ന മണ്ണുത്തിയിലെ മോഡൽ ഓർഗാനിക് ഫാം (MOF). ഇവിടെ 1917 ൽ ശക്തൻ തമ്പുരാന്റെ കാലം മുതൽ കീടനാശിനികളോ, രാസവളമോ ഉപയോഗിക്കാത്തത്തിന്റെ രേഖകളും ലഭ്യമാണ്. കേരള കാർഷിക സർവ്വകലാശാല (KAU) യുടെ കീഴിലുള്ള അഗ്രികൾച്ചർ റിസേർച്ച് സ്റ്റേഷൻ (ARS), ഇവിടെ 70 ഏക്കറിലായി, നൂറിലധികം മാവുകളും വിവിധതരം ജാതി മരങ്ങളും മറ്റ് ഫല വൃക്ഷങ്ങളും, പഴ ചെടികളും, പച്ചക്കറികളും ഗവേഷണങ്ങൾക്കുപയോഗിക്കുന്നു.
കർഷകർക്ക് ഗുണമേന്മയും വൈവിധ്യവുമുള്ള പ്ലാവിൻ തൈകൾ ഉൽപ്പാദിപ്പിക്കാനാവശ്യമായ 193 തരം നാടൻ പ്ലാവുകളുടെ മദർ പ്ലാന്റുകളെ സംരക്ഷിക്കുന്ന, തൃശൂരിലെ കാർഷിക സർവ്വകലാശാലയുടെ മോഡൽ ഓർഗാനിക് ഫാമിലെ പ്ലാവുകൾ മുഴുവൻ വെട്ടിക്കളഞ്ഞ് വെറ്റിനറി സർവ്വകലാശാലയ്ക്ക് കൈമാറാനുള്ള ചർച്ചകൾ അണിയറയിൽ സജീവമാണ്.
50 വർഷത്തോളം പഴക്കമുള്ള ലോകത്തിലെ,
വിത്തു മുളപ്പിച്ചു ങ്ങാക്കിയ ഒരേ ഒരു പ്ലാവ് വൈവിധ്യമാണ് ഇങ്ങനെ തർക്ക വിഷയത്തിലായിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം മുതൽ മലയാളിയുടെ പട്ടിണി മാറ്റാൻ കപ്പയോടൊപ്പം ഉപയോഗിച്ചിരുന്ന ചക്ക, കേരളത്തിന്റെ ഔദ്യോഗീക പഴം കൂടിയാണ്. ഓരോ മലയാളിയുടെ കുട്ടിക്കാലവും ചക്കയാൽ സമൃദ്ധവുമാണല്ലോ. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ഏറ്റവും കഴിവുള്ള പ്ലാവിന്റെ നാടൻ വൈവിധ്യങ്ങളെ നമ്മൾ സംരക്ഷിക്കുന്നില്ലെങ്കിൽ, നമ്മളെന്നങ്ങനെയാണ് മുന്നോട്ട് ജീവിക്കുകയെന്നാണ് പരിസ്ഥിതി പ്രവർത്തകരും
ചക്ക സ്നേഹിക്കും ചോദിക്കുന്നത്.
ഈ സ്ഥലം വെറ്റിനറി സർവ്വകലാശാല (KVASU) യ്ക്ക് കൈമാറാനുള്ള ശ്രമങ്ങൾ നടക്കുന്നതായും, ഈ പഴഞ്ചൻ മരങ്ങൾ മുഴുവൻ മുറിച്ചു മാറ്റി മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ശ്രമിക്കുന്നതായും മനസ്സിലാക്കുന്നു.
വായിലൂടെ ഭക്ഷണം കഴിക്കുന്ന ഓരോ മനുഷ്യനും, അവകാശപ്പെട്ട ഈ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും, സമൂഹത്തിനും, പ്രകൃതിക്കും ഗുണകരമായി ഉപയോഗിക്കുന്നതിനുമുള്ള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2025 ലെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തൃശൂർ മണ്ണുത്തി മാർക്കറ്റിൽ ഒരു പൊതുയോഗത്തോടെ തുടങ്ങി, ARS ന്റെ സൌകര്യങ്ങൾ സന്ദർശിച്ച്, പ്ലാവിന്റെയും, മാവിന്റെയും, ജാതിയുടേയും ജൈവ വൈവിധ്യങ്ങൾ കണ്ട് മനസ്സിലാക്കാൻ സാഹചര്യം ഒരുക്കുന്നു. ലോകത്തിന്റെ ഓക്സിജന് ഫാക്ടറികളായ വലിയ മരങ്ങളെ മുറിച്ചു കളഞ്ഞല്ലാ, ലോക പരിസ്ഥിതി ദിനത്തിൽ പുതിയ തൈ വെക്കൽ ആഘോഷം നടത്തേണ്ടത് എന്ന സന്ദേശം നൽകുന്ന ഈ പരിപാടിയിൽ, കേരളത്തിലെ മുഴുവൻ കൃഷി സ്നേഹിതരേയും, മണ്ണുത്തിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു..
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഓരോ ചക്കയും ഫലപ്രദമായി ഉപയോഗിക്കപ്പെടാൻ 2018 മുതൽ പരിശ്രമിക്കുന്ന ചക്കക്കൂട്ടവും, മണ്ണുത്തിയിലെ മോഡൽ ഓർഗാനിക് ഫാം സംരക്ഷണ സമിതിയും ചേർന്നാണ്. ചക്കക്കൂട്ടം പ്ലാവ് ഉള്ളവരെയും, ചക്ക വിൽക്കുന്നവരെയും, ചക്കയിൽ നിന്നു ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നവരേയും, ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെയും, ഈ മേഖലയിൽ ഗവേഷണങ്ങൾ നടത്തുന്നവരെയും അനുബന്ധ സേവനങ്ങൾ നൽകുന്നവരെയും ഏകോപിപ്പിക്കുന്നത്.
9 ന് അറിയാം
ഈ ജൈവ കലവറ നില നിൽക്കുമോ അതോ അരിഞ്ഞ് വീഴ്ത്തുമോയെന്ന്.
