ചൂരൽമല- മുണ്ടക്കൈ ദുരിത ബാധിതരുടെ കടങ്ങൾ എഴുതി തള്ളണം




ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരായ സ്ത്രീകളുടെ 

കടബാധ്യതകൾ എഴുതി തള്ളുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുക.

 കേരള ഹൈക്കോടതിക്ക് ദുരിതബാധിതരായ സ്ത്രീകളുടെ ഹർജ്ജി


വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതബാധിതരായ മനുഷ്യരുടെ വായ്പാ എഴുതിതള്ളലും പുനരധിവാസവുമായി ബന്ധപ്പെട്ട്  കേരള ഹൈക്കോടതി നടത്തുന്ന ജനഹിതപരമായ ഇടപെടലുകളിൽ പ്രതികരിച്ചുകൊണ്ട് ദുരിത ബാധിതരായ സ്ത്രീകളുടെ കൂട്ടായ്മ 'വിമൻ ഫോർ ലോൺ റിലീഫ്' ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹർജ്ജി സമർപ്പിച്ചു. ദുരിത ബാധിതരായ മനുഷ്യരുടെ വായ്‌പകൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡുകളിലെ സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള ഇടപെടലുകളും നിർദ്ദേശങ്ങളും ഉത്തരവുകളും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.


ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച 3 വാർഡുകളിലെ (10, 11, 12) 64 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി 700ഓളം സ്ത്രീകളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇതിൽ ഏകദേശം 280 സ്ത്രീകൾ നേരിട്ടും ബാക്കിയുള്ളവർ പരോക്ഷമായും ദുരിതബാധിതരാണ്. കൃഷി, ചെറിയ വ്യാപാരങ്ങൾ, കന്നുകാലി വളർത്തൽ, കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിപണനവും, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ (NREGA) അതിനോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ നടത്തുന്ന വിവിധ പദ്ധതികൾ തുടങ്ങി ചെറിയ തൊഴിലുകളിലൂടെയാണ് സ്ത്രീകൾ വരുമാനം കണ്ടെത്തി മുന്നോട്ടു പോയിരുന്നത്. 2024 ജൂലൈ 30-ന് വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലും പ്രളയവും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരൂപിച്ച സ്വത്തുക്കളും ജീവനോപാധികളും ഭൂമിയും കൃഷിയും അടക്കം സർവ്വതും നശിച്ചു. സർക്കാരിന്റെ പിന്തുണയോടെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വാടക വീടുകളിലേക്കും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെ വീടുകളിലേക്കോ അവർ പലായനം ചെയ്യേണ്ടതായി വന്നു. 3 വാർഡുകളിലായി 64 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നായി 47 സ്ത്രീകൾക്ക് ജീവൻ നഷ്ടമായി, അതിലേറെ പേർക്ക് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടമായി.


ചൂരൽമല മുണ്ടക്കൈ ദുരന്തം നഷ്ടപ്പെടുത്തിയത് മനുഷ്യ ജീവനുകളും കൃഷിയും വീടുകളും സ്വത്തുക്കളും വ്യാപാര സ്ഥാപനങ്ങളും മാത്രമല്ല മറിച്ച് സ്ത്രീകൾ ഒരു ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ ഉപജീവന സാധ്യതകളും സാമ്പത്തിക സുരക്ഷിതത്വവും കൂടിയാണ്. ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത വായ്‌പകൾ തിരിച്ചടക്കാൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ് അവർ ഇപ്പോൾ ഉള്ളത്.  മേൽപ്പറഞ്ഞ വാർഡുകളിലെ ദുരിതബാധിതരായ സ്ത്രീകളുടെ വായ്‌പകൾ കണക്കാക്കിയാൽ ആകെ ₹4.10 കോടി രൂപയുടെ ലിങ്കേജ് ലോൺ നിലവിലുണ്ട്. അതിനോടൊപ്പം, അയൽക്കൂട്ടങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ₹1.44 കോടി രൂപയുടെ ലോണുകളും നിലനിൽക്കുന്നുണ്ട്. ഇതിൽ 50% ലിങ്കേജ് ലോൺ തിരിച്ചടച്ചിട്ടുണ്ടെങ്കിലും, സമ്പാദ്യത്തിൽ നിന്നുള്ള ലോണുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ ഇപ്പോഴും തിരിച്ചടക്കുവാനുണ്ട്. ദുരന്തത്തിൽ മരണപ്പെട്ട 47 സ്ത്രീകളുടെ വായ്പ ഭാരവും അയൽക്കൂട്ടങ്ങളിലെ സഹപ്രവർത്തകർ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്.


ഈ വിഷയം ഉയർത്തിക്കൊണ്ട് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ചെറുപ്പക്കാർ സർക്കാർ പ്രതിനിധികളെയും വിവിധ മന്ത്രിമാരെയും എം എൽ എ മാരെയും ബാങ്ക് അധികൃതരെയും, സാമ്പത്തിക സ്ഥാപനങ്ങളെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും ലീഡ് ബാങ്കിനെയും സമീപിച്ചിരുന്നു എങ്കിലും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്ക്, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവർ മാത്രമേ വായ്‌പകൾ എഴുതി തള്ളുവാനുള്ള തീരുമാനം കൈക്കൊണ്ടുള്ളൂ. സർക്കാർ സർക്കാരിതര സംഘടനകളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അടക്കം ദുരിത സമയത്ത് അവരെ സഹായിച്ചെങ്കിലും സ്ത്രീകൾക്കിപ്പോഴും ആ പ്രശ്നങ്ങളിൽ നിന്ന് മുഴുവനായി കര കയറാൻ സാധിച്ചിട്ടില്ല. വായ്‌പകൾ എഴുതി തള്ളണം എന്ന പ്രദേശ വാസികളുടെ ആവശ്യം കേരള സർക്കാർ പിന്തുണയ്ക്കുകയും സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയിൽ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെ ബാങ്കുകൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല എന്ന് മാത്രമല്ല, ഒരു വർഷത്തെ പലിശ സഹിത മൊറൊട്ടോറിയം നൽകി ആ ചർച്ച അവസാനിപ്പിക്കുകയാണുണ്ടായത്. 


പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങൾ നോക്കിക്കാണുന്നത്. തൊഴിലില്ലായ്മ മൂലവും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ മൂലവും വായ്‌പകൾ തിരിച്ചടക്കാനുള്ള ശേഷിയില്ല എന്ന കാരണത്താൽ മിക്ക ധനകാര്യ സ്ഥാപനങ്ങളും പുതിയ വായ്‌പകൾ നൽകാൻ തയ്യാറാവുന്നില്ല. അതുപോലെതന്നെ നിലവിലുള്ള വായ്‌പകൾ തിരിച്ചടക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ, കുടുംബം, കുട്ടികൾ, മുതിർന്നവർ എന്നിവരോടുള്ള ഉത്തരവാദിത്വങ്ങൾ, മറ്റു കടബാധ്യതകൾ എല്ലാം തന്നെ സ്ത്രീകളെ വലിയ തരത്തിൽ മാനസികമായി സമ്മർദ്ധത്തിലാക്കുന്നുണ്ട്. അതിനാൽ സ്ത്രീകളെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്തുവാനും സാമ്പത്തികമായി സുരക്ഷിതമായ നിലയിലേക്ക് കൊണ്ട് വരുന്നതിനുള്ള അടിയന്തിരമായ ഇടപെടൽ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നടത്തുന്ന നീതിപൂർവ്വമായ ഇടപെടലുകളെ കൂട്ടായ്മ അങ്ങേയറ്റം നന്ദിയോടെ സ്വാഗതം ചെയ്യുകയാണ്. 


ദുരിതബാധിതരായ മനുഷ്യരുടെ സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പു വരുത്തിയാൽ മാത്രമേ പുനരധിവാസം അതിന്റെ എല്ലാ അർത്ഥത്തിലും പൂർത്തിയാവൂ എന്നത്കൊണ്ട് തന്നെ അതിജീവനത്തിനായി ദുരിതബാധിതരായ സ്ത്രീകൾ അനുഭവിക്കുന്ന ഈ പ്രതിസന്ധികൾ കണക്കിലെടുത്തുകൊണ്ട് അവരുടെ പേരിലുള്ള ലോണുകൾ എഴുതി തള്ളുവാനുള്ള മേൽ നടപടികൾ സ്വീകരിക്കണം എന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയോടും സംസ്ഥാന സർക്കാരിനോടും ധനകാര്യ സ്ഥാപനങ്ങളോടും ഞങ്ങൾ ആവശ്യപ്പെടുകയാണ്.


വായ്‌പകൾ എഴുതി തള്ളുന്ന വിഷയത്തിൽ 

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഇടപെടലുകൾ


ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ദുരിതബാധിതരായവരുടെ ലോണുകൾ എഴുതി തള്ളണം എന്ന നിർദ്ദേശം മുന്നോട്ടു വച്ചുകൊണ്ട്  കേരള ഹൈക്കോടതി നടത്തിയ ഇടപെടലിൽ ഞങൾ അതീവ നന്ദിയുള്ളവരാണ്. വായ്‌പ്പാ ഇളവുകൾ നൽകുന്ന വിഷയത്തിൽ സർക്കാരുകൾക്കുള്ള പ്രത്യേക അധികാരങ്ങളെക്കുറിച്ചു പ്രതിപാദിച്ചതും കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി നടത്തേണ്ട ഇടപെടലുകളെക്കുറിച്ചു ഓർമ്മിപ്പിച്ചതും വിഷയത്തിന്റെ ഗൗരവം അടിവരയിടുന്നതാണ്.


ദുരന്തനിവാരണ നിയമത്തിലെ ഭേദഗതികൾ, വായ്പാ ഇളവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥ നീക്കം ചെയ്യലുകൾ തുടങ്ങിയവ വയനാട് ദുരന്തത്തിന് ശേഷമാണ് പ്രാബല്യത്തിൽ വന്നത് എന്നതുകൊണ്ട് തന്നെ പുതിയ നിയമ പരിഷ്‌കാരങ്ങൾ/ ഭേദഗതികൾ ഒന്നും ഈ കേസിൽ ബാധകമാകരുത് എന്ന് ഞങ്ങൾ അപേക്ഷിക്കുകയാണ്. ഈ വിഷയത്തിൽ ഞങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാർ പ്രതിനിധികൾ, സംസ്ഥാന ബാങ്കേഴ്സ് സമിതി, റിസേർവ് ബാങ്ക്, മറ്റു സ്വകാര്യ ദേശസാൽകൃത ബാങ്കുകൾ എന്നിവർക്കയച്ച കത്തുകൾ കോടതിയുടെ ശ്രദ്ധയിലേക്കായി ഇതിനോടൊപ്പം ചേർക്കുകയാണ്.


വരുന്ന ഒക്ടോബര് 8നു മുൻപ് തന്നെ കേന്ദ്രസർക്കാർ വായ്പാ ഇളവിന്മേൽ തീരുമാനം എടുക്കണമെന്ന് ബഹുമാനപ്പെട്ട ഹൈകോടതി നിർദേശിച്ചതായി പത്രങ്ങളിൽ വായിച്ചതിൻ പ്രകാരമാണ് ഞങ്ങൾ ഞങ്ങളുടെ പ്രതിസന്ധികളും ആശങ്കകളും മുന്നോട്ടു വച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ മുൻപാകെ ഈ അപേക്ഷ സമർപ്പിക്കുന്നത്.



 കേരള ഹൈക്കോടതിയുടെ മുൻപാകെ സമർപ്പിക്കുന്ന അപേക്ഷയിൽ


മേൽപ്പറഞ്ഞ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ ദുരിതബാധിതരായ മനുഷ്യരുടെ പുനരധിവാസവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലേക്കായി താഴെപ്പറയുന്ന ആവശ്യങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നീതിപൂർണ്ണമായ പരിഗണനയ്ക്കും തുടർ നടപടികൾക്കുമായി മുന്നോട്ടു വയ്ക്കുകയാണ്. നീതിപൂർണ്ണവും സമയോചിതവുമായുള്ള ഇടപെടലുകൾ കോടതിയുടെ ഭാഗത്തു നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


1. വയനാട് മേപ്പാടി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശമായ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ മനുഷ്യരുടെ എല്ലാ തരത്തിലുള്ള വായ്പകളും പൂർണ്ണമായും നിരുപാധികം എഴുതിത്തള്ളുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ സർക്കാരുകളോടും ബാങ്കുകളോടും നിർദ്ദേശിക്കുവാൻ ഞങ്ങളപേക്ഷിക്കുന്നു.

2. വായ്‌പകൾ എഴുതി തള്ളുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സ്ത്രീകൾ, ചെറുകിട വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ചെറുകിട കർഷകർ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെ മുൻഗണനാപ്രകാരം പരിഗണിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

3. ദുരന്തബാധിത പ്രദേശങ്ങളിലുള്ള അയൽക്കൂട്ടങ്ങളിലെ ദുരന്തത്തിൽ മരണപ്പെട്ട സ്ത്രീകളുടെ വായ്പകൾ സർക്കാർ ഏറ്റെടുത്ത്, അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിർത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു.

4. ദുരിതബാധിതരായവർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുവാൻ പുതിയ പലിശ രഹിത വായ്പകൾ 6 മാസത്തെ പ്രത്യേക തിരിച്ചടവ് ഇളവുകളോടെ അനുവദിക്കുവാൻ സർക്കാരുകളോടും സ്വകാര്യ, ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുവാൻ ഞങ്ങൾ അപേക്ഷിക്കുന്നു.

5. വായ്പാ വീണ്ടെടുപ്പ് കാലയളവിൽ പിഴ പലിശയോ ലേറ്റ് ഫീസുകളോ ചുമത്താതിരിക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.

6. വായ്പകൾ എഴുതിതള്ളുമ്പോൾ ബാങ്കുകളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ഈടായി നൽകിയിരുന്ന പ്രോപ്പർട്ടി പത്രങ്ങൾ, സ്വർണ്ണം, ഗ്യാരണ്ടി ചെക്കുകൾ എന്നിവ തിരികെ നൽകുകയും അതിനോടൊപ്പം ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലോൺ ക്ലോഷർ സർട്ടിഫിക്കറ്റും നൽകുന്നതടക്കമുള്ള ലളിതവും സുതാര്യവുമായ നടപടികൾ പിന്തുടരാൻ സ്വകാര്യ, ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളോടു നിർദ്ദേശിക്കുവാൻ ഞങ്ങൾ അപേക്ഷിക്കുന്നു.

7. ദുരിതബാധിതരുടെ ക്രെഡിറ്റ് സ്‌കോർ സംരക്ഷിക്കാൻ അടിയന്തിര നിർദേശങ്ങൾ നൽകുക.

8. ദുരിതബാധിതരായ മനുഷ്യരുടെ മേൽപ്പറഞ്ഞ അവസ്ഥകൾ നേരിൽ മനസ്സിലാക്കാനും ലോണുകളുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾക്കുമായി ഒരു അമികസ് ക്യൂറിയെ നിയമിക്കുക

എന്നിവയാണ്

ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരായ സ്ത്രീകളുടെ കൂട്ടായ്മയായ

വിമൻ ഫോർ ലോൺ റിലീഫ്

പ്രവർത്തകരുടെ ആവശ്യം.

Author
Citizen Journalist

Goutham prakash

No description...

You May Also Like