മൂഷിക കോലത്തിരി രാജവംശത്തിന്റെ ചരിത്രം ബേക്കൽ കോട്ടയിൽ ഉറങ്ങുന്നു
- Posted on February 09, 2024
- Kouthukam
- By Dency Dominic
- 201 Views
ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു
തീ തുപ്പുന്ന വേനലിലെ മൂർദ്ധന്യത്തിലാണ് ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ടയിൽ എത്തിയത്. ചരിത്രവും പൈതൃകവും ചാരുതയും നിറവായി പരിലസിക്കുന്ന ഈ കോട്ട ഇന്ന് ചരിത്രാ അന്വേഷികളുടേയും വിനോദ സഞ്ചാരികളുടേയും പറുദീസയാണ്. കാസർഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ കടലോരത്തെ ഈ കോട്ട എത്ര സൂക്ഷ്മമായി നിർമ്മിച്ച വാസ്തു ചൈതന്യമാണ്. പോക്കുവെയിലൊഴിഞ്ഞ് സൂര്യൻ വിട പറയുമ്പോൾ കോട്ട മറ്റൊരു ലാവണ്യത്താൽ പരിലസിക്കുന്നത് കാണാം.
കോട്ടയുടെ ചരിത്ര നാൾ വഴികളിലൂടെ
ഈ പ്രദേശം പണ്ട് കദംബരാജവംശത്തിന്റേയും മൂഷികരാജവംശത്തിന്റെയും കോലത്തിരി രാജാക്കന്മാരുടെയും കീഴിലായിരുന്നു. ഇതിനുശേഷം ഇവിടം വിജയനഗരസാമ്രാജ്യത്തിന്റെ കീഴിലായി. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെട്ടതിനു ശേഷം, പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലായി. കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650-ൽ (1645-നും 1660-നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്.
1763-നു അടുപ്പിച്ച് ഈ കോട്ട മൈസൂരിലെ രാജാവായിരുന്ന ഹൈദരലി കയ്യടക്കി. ടിപ്പു സുൽത്താന്റെ കാലത്ത്, ഈ കോട്ട തുളുനാടിന്റെയും മലനാടിന്റെയും പ്രധാന ഭരണകേന്ദ്രമായിരുന്നു. ടിപ്പുവിന്റെ പരാജയത്തിനു ശേഷം 1791-ൽ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ സൌത്ത് കാനറ ജില്ലയുടെ ഭരണപരിധിയിലായി.
കോട്ടയുടെ മദ്ധ്യഭാഗത്തുള്ള പുര
ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്.
കോട്ടയുടെ മദ്ധ്യത്തിലുള്ള ചെരിഞ്ഞ പ്രവേശനമാർഗ്ഗമുള്ള നിരീക്ഷണഗോപുരം
കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരം പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.
ചരിത്രം വിസ്മരിക്കാതിരിക്കുന്നത് ഈ പൈതൃക ഭൂമി കാത്ത് പരിപാലിക്കുന്നതിനാലാണ്, ബേക്കൽ കോട്ട ഉറങ്ങുന്നില്ല കൂടെ ചരിത്രവും...