അമ്മത്തൊട്ടിലിൽ പുതിയ അതിഥി “'സ്വതന്ത്ര“
- Posted on August 17, 2025
- News
- By Goutham prakash
- 90 Views
സി.ഡി. സുനീഷ്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെയാണ് ഇന്ന് (ശനി) വൈകുന്നേരം 5 മണിയോടെ ലഭിച്ചത്. രാജ്യം 79 ആം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച കുഞ്ഞിന് 'സ്വതന്ത്ര‘ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു. 2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പരിശോധന നടത്തി. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടർന്ന് കുഞ്ഞിനെ തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ഈ വർഷം ലഭിക്കുന്ന ഒൻപതാമത്തെ കുഞ്ഞാണ് സ്വാതന്ത്ര ആലപ്പുഴയിൽ ലഭിച്ച നാലു കുട്ടികളും ഉൾപ്പെടെ 13 കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയ്‌ക്ക് ഈ വർഷം പരിചരണയ്‌ക്കായി ലഭിച്ചത്. ഏറ്റവും കൂടുതൽ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്. കുട്ടിയുടെ ദത്തെടുക്കൽ നടപടി ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു.
