പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല: കേരളത്തിൽ Esa ഗ്രാമങ്ങൾ 131 ആയി; രാജ്യത്ത് മൂന്നാമത്തെ വലിയ വിസ്തീർണം
- Posted on July 30, 2026
- News
- By Goutham prakash
- 24 Views
കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം (MoEF) പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (Ecologically Sensitive Area - ESA) സംബന്ധിച്ച ഏഴാമത് കരട് വിജ്ഞാപനപ്രകാരം, കേരളത്തിലെ ESA ഗ്രാമങ്ങളുടെ എണ്ണം 123ൽ നിന്ന് 131 ആയി ഉയർന്നു. സംസ്ഥാനത്ത് നിർദേശിച്ചിരിക്കുന്ന ESA വിസ്തീർണം 9,993.7 ചതുരശ്ര കിലോമീറ്ററാണ്, ഇത് കർണാടകയും മഹാരാഷ്ട്രയും കഴിഞ്ഞാൽ രാജ്യത്ത് മൂന്നാമത്തെ വലിയ ESA വിസ്തീർണമാണ്.
കരട് വിജ്ഞാപനമനുസരിച്ച് പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലായി ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ESA ആയി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ കർണാടക (20,668 ച.കി.മീ.), മഹാരാഷ്ട്ര (17,340 ച.കി.മീ.), കേരളം (9,993.7 ച.കി.മീ.) എന്നിവയാണ് മുൻനിരയിൽ.
കേരളത്തിൽ ESA പരിധിയിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശങ്ങളും ഉൾപ്പെടുന്നു. പുതിയ കരടിൽ എടമലക്കുടി, മൂന്നാർ, കാഞ്ചിയാർ, എരട്ടയാർ, കട്ടിപ്പാറ, പൊതുകല്ല്, ചിറ്റാർ, അത്തിപ്പള്ളി എന്നീ വിഭജിക്കപ്പെട്ട ഗ്രാമങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് ഗ്രാമങ്ങളുടെ എണ്ണം 131 ആയത്.
ESA പ്രഖ്യാപിച്ചാൽ നിയന്ത്രണങ്ങൾ
ESA ആയി അന്തിമമായി പ്രഖ്യാപിക്കപ്പെട്ടാൽ:
ഖനന പ്രവർത്തനങ്ങൾ അനുവദിക്കില്ല.
താപവൈദ്യുത നിലയങ്ങൾക്ക് അനുമതിയില്ല.
'റെഡ് കാറ്റഗറി' മലിനീകരണ വ്യവസായങ്ങൾ നിരോധിക്കും.
20,000 ചതുരശ്ര മീറ്ററിലധികം നിർമ്മിത വിസ്തീർണമുള്ള പുതിയ കെട്ടിട പദ്ധതികൾക്കും 50 ഹെക്ടറിലധികം വിസ്തീർണമുള്ള ടൗൺഷിപ്പ് പദ്ധതികൾക്കും നിയന്ത്രണം ബാധകമാകും.
വലിയ ജലവൈദ്യുത പദ്ധതികൾക്കും നിയന്ത്രണം ഏർപ്പെടുത്തും.
പശ്ചാത്തലം
2011-ൽ മാധവ് ഗാഡ്ഗിൽ സമിതി പശ്ചിമഘട്ടത്തിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം കേരളത്തിൽ ESA ആക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. തുടർന്ന് കസ്തൂരിരംഗൻ സമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കേന്ദ്രം 2014 മുതൽ വിവിധ കരട് വിജ്ഞാപനങ്ങൾ പുറത്തിറക്കി. ഇപ്പോഴത്തേത് ഏഴാമത്തെ കരട് വിജ്ഞാപനമാണ്.
സംസ്ഥാന സർക്കാർ ജനവാസ മേഖലകളും കൃഷിഭൂമികളും ESA പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പരിസ്ഥിതി വിദഗ്ധർ അന്തിമ വിജ്ഞാപനം വൈകാതെ പുറത്തിറക്കി പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
