കാടിനെ കാക്കും കാട്ടുനായ്ക്ക വിഭാഗം

പുറം ജോലികൾ ചെയ്യാൻ മടിയുള്ള ഇവർ  കാടുമായി ബന്ധപ്പെട്ട് മാത്രമാണ് നിത്യ ജീവിതം നയിച്ചു വരുന്നത്

ഇന്ത്യയിലെ കൊടും വനമേഖലയിലാണ് കാട്ടുനായകന്മാർ താമസിക്കുന്നത്. ചെറിയ മൃഗ വേട്ടയും, കാട്ടിലെ കിഴങ്ങുകൾ, കാട്ട് തേൻ, മുള അരി മുള ഉൽപ്പന്നങ്ങൾ,  കാട്ടരുവികളിലെ  മീനുകൾ ഇങ്ങനെ ഉള്ള വിഭവങ്ങൾ നിത്യജീവിതത്തിൽ ഭക്ഷ്യയോഗ്യമാക്കുന്നു കാട്ടുനായ്ക്ക വിഭാഗങ്ങൾ. പൊതുവേ പുറം ജോലികൾ ചെയ്യാൻ മടിയുള്ള ഇവർ  കാടുമായി ബന്ധപ്പെട്ട് മാത്രമാണ് നിത്യ ജീവിതം നയിച്ചു വരുന്നത്.

പുറത്തുനിന്നുള്ളവരുമായി ഇടപഴകാൻ അവർക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. എ. എ. ഡി. ലൂയിസിന്റെ പുസ്തകത്തിൽ, കാട്ടിനായകന്റെ ഭാഷാഭേദം എല്ലാ ദ്രാവിഡ ഭാഷകളിൽ നിന്നും ഉരുത്തിരിഞ്ഞ പദങ്ങളും ശൈലികളും ഉൾക്കൊള്ളുന്നതായും, കേരളത്തിൽ ഉള്ളവർ കൂടുതൽ മലയാളപദങ്ങൾ ഉപയോഗിക്കുന്നതായും പറയുന്നു. തർസ്റ്റൺ,  ഗോപാലൻ, അയ്യപ്പൻ തുടങ്ങിയ പണ്ഡിതർ ഇതിനെ കന്നഡയുടെ ഭാഷാഭേദമായി കണക്കാക്കുന്നതായും  പറയുന്നുണ്ട് .

തേൻ ശേഖരണവും വിൽപ്പനയുമാണ് കാട്ടുനായ്ക്കന്മാരുടെ പ്രധാന തൊഴിൽ. ഇവരുടെ സ്ത്രീകൾ കാട്ടിലെ തഴകൾ ഉപയോഗിച്ച് പായും, മുള ഉപയോഗിച്ച് കൊട്ടകളും, സുഗന്ധവ്യഞ്ജനങ്ങൾ, നെല്ല് എന്നിവ ഉണക്കാനുള്ള പരമ്പുകളും നിർമ്മിച്ചും ഉപജീവനം നടത്തിവരുന്നു.

കാട്ടുനായ്ക്കന്മാർ തേൻ ശേഖരിക്കുന്നതിൽ വളരെ പ്രാവീണ്യമുള്ളവരാണ്. അതിനാൽ അവർ ജീനുകുറുമ്പർ (ജേനു എന്നാൽ തേൻ), തേങ്കുറുമ്പർ എന്നിങ്ങനെ അറിയപ്പെടുന്നു. കേരളത്തിലെ മലപ്പുറം ജില്ലയിലെ 42 പഞ്ചായത്തുകളിലെ 32 സെറ്റിൽമെന്റുകളിലായാണ് "കാട്ടുനായകൻമാരുടെ" ഗോത്രവർഗ്ഗക്കാർ താമസിക്കുന്നത്. വയനാട് ജില്ലയിലും കാട്ടുനായ്ക്ക വിഭാഗം കാടുകളിൽ താമസിച്ചു വരുന്നു.

വനവാസത്തിനാണ് അവർ മുൻഗണന നൽകുന്നത്. കിഴങ്ങുവർഗ്ഗങ്ങൾ പോലുള്ള ഭക്ഷണത്തെയാണ് അവ പ്രധാനമായും ആശ്രയിക്കുന്നത്. ഗവൺമെന്റിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടാകാം ഇപ്പോൾ ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നുണ്ട്.  ഊട്ടിയിലെ തോടർ വിഭാഗത്തെ പോലെ അന്യം നിന്നു പോകുന്ന വിഭാഗമായി മാറിയിരിക്കുന്നു കാട്ടുനായ്ക്കാൻ വിഭാഗവും.

വേനൽക്കാലമായാൽ ഉണ്ടാകുന്ന കാട്ടുതീ അണച്ച് കാടിനെ സംരക്ഷിക്കുന്നതിൽ ഈ കാടിന്റെ മക്കൾ വേറെ പങ്കുവഹിക്കുന്നു. കാടിന്റെ സ്പന്ദനമറിഞ്ഞ് കാടിനെ സംരക്ഷിക്കുന്നവരാണ് കാട്ടുനായ്ക്ക വിഭാഗം.

 -റോസ് റോസ്

Author
No Image
Journalist

Dency Dominic

No description...

You May Also Like