നൂതന എച്.ആര്‍ ശീലങ്ങള്‍ക്കുള്ള കെ.എം.എ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്.
- Posted on June 02, 2025
- News
- By Goutham prakash
- 176 Views
സി.ഡി. സുനീഷ്
കൊച്ചി: നൂതന ഹ്യൂമന്‍ റിസോഴ്സ് ശീലങ്ങള്‍ക്കുള്ള കേരള മാനേജ്മന്റ് അസോസിയേഷന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന് ലഭിച്ചു. എച് ആര്‍ രംഗത്തെ നൂതനമായ രീതികള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്.
കഴിഞ്ഞ കൊല്ലവും ഇതേ വിഭാഗത്തില്‍ മികച്ച കമ്പനിയ്ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഫിന്‍ജെന്റിന് ലഭിച്ചിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ സംരഭക അന്തരീക്ഷത്തിലും നൂതനവും തദ്ദേശീയവുമായ സാങ്കേതികവിദ്യ അവലംബിച്ച് മികവ് തെളിയിക്കാന്‍ കാണിച്ച പ്രയത്നത്തില്‍ അഭിമാനമുണ്ടെന്ന് ഫിന്‍ജെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപു പ്രകാശ് പറഞ്ഞു. എച് ആര്‍ വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനം നിമിത്തം ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിച്ച് ക്രയശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താനും സാധിക്കുന്നുണ്ട്. ഫിന്‍ജെന്റിന്റെ വിജയിത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തി ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ സമന്വയിപ്പിച്ച എച് ആര്‍ ശീലങ്ങള്‍, മികച്ചതും സൗകര്യപ്രദവുമായ തൊഴില്‍ സമയങ്ങള്‍, നൈപുണ്യവികസന പരിപാടികള്‍ എന്നിവ വഴി ഫിന്‍ജെന്റ് ഐടി വ്യവസായത്തില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഫിന്‍ജന്റ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. 500ല്‍ പരം ഐടി ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
