ലക്ഷം വർഷം മുമ്പ് കാട്ടുതക്കാളിയും കാട്ടുചെടിയും ചേർന്നാണ് ഉരുളക്കിഴങ്ങ് രൂപപ്പെട്ടത്; പുതിയ പഠനം
- Posted on July 03, 2026
- News
- By Goutham prakash
- 14 Views
*90 ലക്ഷം വർഷം മുമ്പ് കാട്ടുതക്കാളിയും കാട്ടുചെടിയും ചേർന്നാണ് ഉരുളക്കിഴങ്ങ് രൂപപ്പെട്ടത്; പുതിയ പഠനം*
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിളകളിലൊന്നായ ഉരുളക്കിഴങ്ങിന്റെ ഉത്ഭവം സംബന്ധിച്ച ദീർഘകാല ശാസ്ത്രരഹസ്യത്തിന് ഉത്തരമായി പുതിയ പഠനം. ഏകദേശം 90 ലക്ഷം വർഷം മുമ്പ് ദക്ഷിണ അമേരിക്കയിൽ കാട്ടുതക്കാളിയുടെ പൂർവികനും കിഴങ്ങില്ലാത്ത ഒരു കാട്ടുസസ്യത്തിന്റെ പൂർവികനും തമ്മിലുണ്ടായ അപൂർവ സങ്കരയിനം വഴിയാണ് ആദ്യമായി ഉരുളക്കിഴങ്ങ് രൂപപ്പെട്ടതെന്ന് ഗവേഷകർ കണ്ടെത്തി.
ചൈനീസ് അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ ശാസ്ത്രജ്ഞനായ സാൻവെൻ ഹുവാങിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നടത്തിയ പഠനം സെൽ (Cell) ശാസ്ത്രജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഗോതമ്പ്, അരി, ചോളം എന്നിവയ്ക്കുശേഷം ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ പ്രധാന ഭക്ഷ്യവിളയാണ് ഉരുളക്കിഴങ്ങ്. ഈ നാല് വിളകളും ചേർന്ന് മനുഷ്യർ ഭക്ഷണത്തിലൂടെ ലഭിക്കുന്ന മൊത്തം കലോറിയുടെ 80 ശതമാനത്തോളം നൽകുന്നു. ഉരുളക്കിഴങ്ങ് കൃഷി മനുഷ്യർ ആരംഭിച്ചത് ഏകദേശം 7,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ബൊളീവിയ-പെറു അതിർത്തിയിലെ ടിറ്റിക്കാക്ക തടാകത്തിന് സമീപമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഉരുളക്കിഴങ്ങിന്റെ പൂർവികരായ രണ്ട് സസ്യവിഭാഗങ്ങൾ 1.4 കോടി വർഷം മുമ്പ് പരസ്പരം വേർപിരിഞ്ഞവയായിരുന്നു. പിന്നീട് 80 മുതൽ 90 ലക്ഷം വർഷം മുമ്പ് ഇവ സ്വാഭാവികമായി സങ്കരയിനം രൂപപ്പെടുത്തിയതോടെയാണ് ഭൂമിക്കടിയിൽ അന്നജം സംഭരിക്കുന്ന കിഴങ്ങ് എന്ന പുതിയ സസ്യഘടന രൂപപ്പെട്ടത്.
കിഴങ്ങ് രൂപപ്പെടാൻ ആവശ്യമായ SP6A എന്ന ജീൻ കാട്ടുതക്കാളിയുടെ പൂർവികനിൽ നിന്നും IT1 എന്ന ജീൻ മറ്റേ കാട്ടുസസ്യത്തിൽ നിന്നുമാണ് ലഭിച്ചത്. ഈ രണ്ട് ജീനുകളും ഒന്നിച്ചപ്പോഴാണ് ഉരുളക്കിഴങ്ങിന്റെ പ്രത്യേക കിഴങ്ങ് രൂപപ്പെടുന്ന സംവിധാനം ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു.
നിലവിൽ ലോകത്ത് അറിയപ്പെടുന്ന 107 കാട്ടു ഉരുളക്കിഴങ്ങ് ഇനങ്ങളും എല്ലാ കൃഷിയിനങ്ങളും ഈ പുരാതന സങ്കരയിനത്തിൽ നിന്നാണ് രൂപപ്പെട്ടതെന്നും പഠനം വ്യക്തമാക്കുന്നു.
ഈ കണ്ടെത്തൽ രോഗപ്രതിരോധശേഷിയും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവും കൂടുതലുള്ള പുതിയ ഉരുളക്കിഴങ്ങ് ഇനങ്ങൾ വികസിപ്പിക്കാൻ ഭാവിയിൽ സഹായകമാകുമെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു.
