യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
- Posted on January 21, 2025
- News
- By Goutham prakash
- 194 Views
കൊൽക്കത്ത: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം.
അപൂർവങ്ങൾ അപൂർവം ആയ കേസ് എന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ വാദം. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്തെ തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും എന്നാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി. അതേസമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു. വധശിക്ഷ നൽകണമെന്നാണ് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകനും ആവശ്യപ്പെട്ടത്.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
സ്വന്തം ലേഖകൻ.
