ഉരുവിന്റെ പെരുന്തച്ചന്റെ കാത്തിരിപ്പ് നീളുന്നു

അദ്ദേഹത്തിന്റെ കല്പിതം വുഡ് മറൈൻ ഇൻഡസ്ട്രീസ്, ജലയാത്രയ്ക്കുതകുന്ന ചെറിയ ബോട്ടുകൾ മുതൽ വലിയ ഉരുക്കൾ വരെ നിർമ്മിച്ചു നൽകുന്നതിനുദ്ദേശിച്ചു രൂപവൽക്കരിച്ച സ്ഥാപനമാണ്

മനുഷ്യരായ ഓരോരുത്തരും അവരുടെ ജീവിതത്തിൽ ഒരു സ്വപ്നമെങ്കിലും കണ്ടിരിക്കും. ആ സ്വപ്നം സഫലമാകാൻ ആഗ്രഹിക്കും. എന്നാൽ എത്രപേർ അതിനുവേണ്ടി ജീവിത അവസാനം വരെ നിലകൊള്ളും? എല്ലാ പ്രതിസന്ധികളിലും ആ സ്വപ്നത്തെ മുറുകെ പിടിക്കും? അപൂർവ്വം ചില മനുഷ്യരാണ് സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുക. ചിറയിൽ സദാശിവൻ അങ്ങനെ ഒരു മനുഷ്യനാണ്.ഉരുഎന്ന് കേൾക്കുമ്പോഴേ ബേപ്പൂർ മനസ്സിൽ ഓടി വരുന്നവരെ കൗതുകപ്പെടുത്തിക്കൊണ്ട് ഉരുവിന്റെ ഈ  പെരുന്തച്ചൻ പാലക്കാട്ക്കാരനാണ്. പതിനാറാം വയസ്സിലാണ് ആദ്യമായി സദാശിവൻ ഉരു നിർമ്മാണത്തിൽ ഏർപ്പെടുന്നത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ എല്ലാം ഉരുവിനെ ചുറ്റിപ്പറ്റി ആയിരുന്നു. 1981ൽ കാസർഗോഡ് തളങ്കരയിൽ ഒരു നിർമ്മാണത്തിൽ ഹരിശ്രീ കുറിച്ച് സദാശിവൻ, പിന്നീടങ്ങോട്ട് നാട്ടിലെ ഏറ്റവും മികച്ച ഉരു നിർമ്മാതാവായി വളരുകയായിരുന്നു. ഉരുവിന്റെ പെരുന്തച്ചന്റെ പെരുമ, കടൽ കടന്നതോടെ വിദേശ നാടുകളിലും അദ്ദേഹത്തിന് ആവശ്യക്കാർ ഉണ്ടായി. 2014 ൽ അൽക്കോബാർ വുഡ് ഇൻഡസ്ട്രീസ് ലെ മുഹമ്മദ് അബ്ദുല്ല വഹാബിക്ക് വേണ്ടി അദ്ദേഹം നിർമ്മിച്ചത് ഏകദേശം 20 കോടി രൂപ ചിലവ് വരുന്ന പത്തേമാരിയായിരുന്നു.

 എന്നാൽ ഉരുവിനെ ജീവനോളം സ്നേഹിച്ച സദാശിവൻ ഇന്നൊരു വലിയ കാത്തിരിപ്പിലാണ്. നാട്ടിൽ തിരിച്ചു വന്നപ്പോൾ  തന്റെ സ്വപ്നമായ ഉരുവിന്റെ സാധ്യതകളെ നാടിനുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നായി അദ്ദേഹത്തിന്റെ ചിന്ത. 44 നദികൾ ഉള്ള കേരളത്തിൽ ഉരുവിന് ഇപ്പോഴും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. കേരളത്തിൽ ടൂറിസം, ചരക്ക്, ബിസിനസ്, തൊഴിൽ മേഖലകളിൽ ഒരു വലിയ മാറ്റം തന്റെ സ്വപ്ന പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മാത്രമല്ല  ഒരുപാട് തൊഴിൽരഹിതർക്ക് പുതിയ അവസരങ്ങൾ നൽകാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.


അദ്ദേഹത്തിന്റെ കല്പിതം വുഡ് മറൈൻ ഇൻഡസ്ട്രീസ്, ജലയാത്രയ്ക്കുതകുന്ന ചെറിയ ബോട്ടുകൾ മുതൽ വലിയ ഉരുക്കൾ വരെ, ആവശ്യക്കാർക്ക് അവരുടെ അഭിരുചിയും താല്പര്യങ്ങളും അനുസരിച്ചു നിർമ്മിച്ചു നൽകുന്നതിനുദ്ദേശിച്ചു രൂപവൽക്കരിച്ച സ്ഥാപനമാണ്. ടൂറിസം മേഖലയിലും വ്യാപാര വാണ്യജ്യ രംഗത്തും ജലഗതാഗതങ്ങൾക്കായും ഈ ജലയാനങ്ങൾ ഉപയോഗ്യയോഗ്യമാണ്. 200 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന 850 ടൺ കേവുഭാരമുള്ള  ഉരു വരെ ഇവിടെ നിർമ്മിക്കുന്നതിനു സാധിക്കുന്നതാണ്.

ഒരു ഉരുവിന്റെ ഉപയോഗ്യമായ കാലാവധി ഇരുപതു വർഷമാണ്. പത്തു വർഷത്തിനു ശേഷം മാത്രമേ അറ്റകുറ്റപ്പണികൾ ആവശ്യമായി വരൂ. പതിനഞ്ചു മുതൽ ഇരുപത്തഞ്ചു വരെ കോടി രൂപയിൽ താരതമ്യേന വലിയ ഉരു നിർമ്മിക്കാവുന്നതാണ്. ബോട്ടു മുതൽ ഉരുവരെ നിർമ്മിക്കുന്ന പ്രവൃത്തി തുടങ്ങിയാൽ വിവിധ മേഖലകളിലായി അമ്പതോളം പേർക്ക് ജോലി ലഭിക്കുന്നതായിരിക്കും. ഉരു നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ പരിസ്ഥിതി സൗഹാർദ്ദമായവയും കാലാന്തരത്തിൽ ഉരു ഉപയോഗ്യയോഗ്യമല്ലാതെ വന്നാൽ ആയവ പ്രകൃതിയിലേക്ക് തന്നെ തിരിച്ചെത്തുന്നവയുമാണ്. ആയതിനാൽ അവ യു എൻ ഡി പി യുടെ വികസന ലക്ഷ്യങ്ങൾക്കനുഗുണമായ ഒരു കാർബൺ ന്യൂട്രൽ ഉല്പന്നമാണ്. കല്പിതം വുഡ് മറൈൻ ഇൻഡസ്ട്രിയ്ക്ക്  ജലയാനങ്ങൾ മാത്രമല്ല, ചിരട്ടക്കയിൽ മുതൽ പത്തേമാരിവരെയും, പരിസ്ഥിതി സൗഹാർദ്ദപരമായതും അന്തർദേശീയ മാർക്കറ്റിൽ വിപണനസാദ്ധ്യതയുള്ളതുമായ മറ്റു നിരവധി ഉല്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. 


മാത്രമല്ല, ഇതിനായി അഭിരുചിയുള്ള തൊഴിൽരഹിതർക്ക്  പരിശീലനം നൽകുന്നതിനും, പ്രസ്തുത മേഖലകളിൽ തൊഴിൽ നൽകുന്നതിനും സന്നദ്ധമാണ്. ഇത്തരം ഉല്പന്നങ്ങളുടെ ദേശീയ അന്തർദ്ദേശീയമായ വിപണനം സാദ്ധ്യമാവുമ്പോൾ അതിന് അനന്തമായ തൊഴിൽ സാദ്ധ്യതയാണ് തുറന്നു കിട്ടുന്നത്. ബോട്ടു നിർമ്മാണവും ഉരു നിർമ്മാണവും പ്രോത്സാഹിപ്പിക്കുക വഴിയായി ടൂറിസം മേഖലയിൽ ധാരാളം പേർക്ക് ദേശവ്യാപകമായിത്തന്നെ തൊഴിൽ ലഭിക്കുന്നതാണെന്നു പറയേണ്ടതില്ലല്ലോ. ഈ ഒരു സ്വപ്നത്തിന് വേണ്ടി,  പൊന്നാനി കടപ്പുറത്ത്, പുഴയുടെയും കടലിന്റെയും സാമീപ്യവും സൗകര്യവും ലഭിക്കുന്നിടത്തായി ഏറ്റവും ചുരുങ്ങിയത് അമ്പതു സെന്റെങ്കിലും സ്ഥലം പരമാവധി ചുരുങ്ങിയ വാടകയ്ക്ക് അനുവദിച്ചു കിട്ടണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ ഒരു സ്വപ്നത്തിന് വേണ്ടി പലതവണയായി, മുഖ്യമന്ത്രിയ്ക്കടക്കം പലർക്കും സദാശിവൻ പലതവണയായി അപേക്ഷ സമർപ്പിക്കുന്നു. 

എന്നാൽ യാതൊരു നടപടികളും ഉണ്ടായില്ല. പക്ഷെ  സദാശിവൻ ഇതുകൊണ്ടൊന്നും തളരാൻ തയ്യാറായില്ല. നവകേരള സദസ്സിൽ വീണ്ടും തന്റെ സ്വപ്‌നപദ്ധതി സമർപ്പിച്ച്, പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹം. 60കളിൽ ജീവിക്കുമ്പോഴും തന്റെ സ്വപ്നത്തിനു വേണ്ടി രാവും പകലും അധ്വാനിക്കുന്ന, നാടിനു മുതൽക്കൂട്ടാവുന്ന ഒരു വലിയ പദ്ധതി സ്വപ്നം കാണുന്ന ചിറയിൽ സദാശിവനെന്ന 'ഉരുവിന്റെ പെരുന്തച്ചന്റെ കാത്തിരിപ്പ്' എന്നാണ് അവസാനിക്കുക?Author
No Image
Journalist

Dency Dominic

No description...

You May Also Like