പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, തിരിച്ചടിയെന്ന് പ്രധാനമന്ത്രി ഷഹബാസ്, സംഘർഷം ഒഴിവാക്കണമെന്ന് യു. എസ്സും അറബ് രാഷ്ട്രങ്ങളും. *
- Posted on May 08, 2025
- News
- By Goutham prakash
- 95 Views
സി.ഡി. സുനീഷ്.
പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ പാക് ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുയായിരുന്നു ഷഹബാസ് ഷെരീഫ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നേരം റദ്ദാക്കി. വ്യോമപാതയും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകുയാണ്. പാക്കിസ്ഥാന്‍ ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചിന്തിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് പാക്കിസ്ഥാന് അറിയാമെന്നും ഷഹബാസ് ഷരീഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ കൊല്ലപ്പെട്ട ഭീകരരെയടക്കം രക്തസാക്ഷികള്‍ എന്ന് വിശേഷിപ്പിച്ചാണ് പാക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങള്‍ എത്തിയത്. എന്നാല്‍ റഡാര്‍ സംവിധാനങ്ങള്‍ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മേഖലയിലേക്ക് ഉടന്‍ കുതിച്ചെത്തിയതോടെ പാക് വിമാനങ്ങള്‍ അതിര്‍ത്തി കടക്കാതെ മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
പകരത്തിന് പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും. ഇരു രാജ്യങ്ങളെയും നല്ലതുപോലെ അറിയാമെന്നും പ്രശ്നം പരിഹരിക്കണമെന്നും എന്ത് സഹായത്തിനും തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന് അറബ് രാഷ്ട്രങ്ങള്‍. സംഘര്‍ഷം രൂപപ്പെടുന്നതില്‍ രാഷ്ട്രങ്ങളെല്ലാം ആശങ്ക അറിയിച്ചു. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യ -പാക്കിസ്ഥാന്‍ സ്ഥിതി വഷളാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്. സംഘര്‍ഷത്തിലേക്ക് നീങ്ങാതെ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്ന് രാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെട്ടു.
