മുഖ്യമന്ത്രി കുവൈത്തിൽ പൗരപ്രമുഖരുമായും സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
- Posted on November 08, 2025
- News
- By Goutham prakash
- 33 Views
ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മലയാളി സംഘടനാ പ്രതിനിധികളുമായും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി. ജുമൈറ മെസ്സില്ല ബീച്ച് ഹോട്ടലിൽ നടന്ന ഹ്രസ്വ കൂടിക്കാഴ്ചയിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾക്കുള്ള അനുമതി ഉറപ്പാക്കൽ, സേവനം കുറച്ചു നിർത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി തിരുത്തൽ, ഉത്സവസീസണുകളിലും യാത്രക്കാർ കൂടുന്ന സമയങ്ങളിലും വിമാന കമ്പനികൾ സ്വമേധയാ നിരക്ക് വർധിപ്പിക്കുന്ന പ്രവണതയെ തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ, കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കൽ, പ്രവാസികൾക്ക് സുരക്ഷിതമായി ചെറിയ തുകകൾ നിക്ഷേപിച്ച് സംസ്ഥാന പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള പ്രാദേശിക ചെറിയ നിക്ഷേപ മാതൃകകൾക്ക് സർക്കാരിന്റെ പിന്തുണ ഉറപ്പാക്കൽ എന്നിവയാണ് പ്രതിനിധികൾ പ്രധാനമായി ഉന്നയിച്ചത്.
സർക്കാരിന് സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും എസ്.ഐ.ആർ വിഷയത്തിൽ കേരളത്തിലെ ഭരണ–പ്രതിപക്ഷ കക്ഷികൾക്കും ഇത് നടപ്പിലാക്കരുതെന്ന ഏകാഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
എയർ ഇന്ത്യ എക്സ്പ്രസുമായി നടത്തിയ ചർച്ചകളിൽ സർവീസ് കുറച്ച നടപടി പിൻവലിക്കാനും ബുക്കിങ് പുനരാരംഭിക്കാനുമുള്ള ഉറപ്പുകൾ ആദ്യം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പിന്നോട്ടുപോയ നിലപാട് തിരുത്തേണ്ടതുണ്ടെന്നും അതിനായി വീണ്ടും ഇടപെടലുകൾ ആരംഭിച്ചിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് യോഗത്തിൽ പങ്കെടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. വിവിധ മലയാളി സംഘടനാ പ്രതിനിധികളും പൗരപ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കുചേർന്നു.
