ഭൂമിയെ കാക്കാൻ വാചകമടി മാത്രം പോരാ

പ്രിയപ്പെട്ട മാധ്യമങ്ങളേ.. എന്നെ ഇന്ത്യയുടെ ഗ്രേറ്റയെന്ന് വിളിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ ഗ്രേറ്റയെ പോലെ ആവാനല്ല സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത്

മാറുന്ന കാലാവസ്ഥക്ക് നിദാനമായ കാരണങ്ങളിലേക്കോ പരിഹാരങ്ങളിലേക്ക് കടക്കാതെയുള്ള കോപ്  കോൺഫറൻസിൽ പന്ത്രണ്ട് കാരിയുടെ പ്രതിഷേധം ലോക ശ്രദ്ധ നേടി. ഡിസംബർ 11 തിങ്കളാഴ്ച, ദുബായിലെ കോപ് 28 (കോൺഫറൻസ് ഓഫ് പാർട്ടീസ്) സമ്മേളന വേദി. 190 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഭൂമിയെ രക്ഷിക്കാനായി എന്തൊക്കെ ചെയ്യാമെന്ന ചർച്ചകളിലും സംവാദങ്ങളിലും ചർച്ചകളിലായിരിക്കെ അപ്രതീക്ഷിതമായി വേദിയിലേക്ക് ഒരു കൊച്ചു പെൺകുട്ടി പ്ലക്കാർഡുമായി ഓടിക്കയറിയത്.

 “ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുക, നമ്മുടെ ഭൂമിയും ഞങ്ങളുടെ ഭാവിയും സംരക്ഷിക്കുക”. കോപ് 28 ന്റെ പ്രസിഡൻസി ഇവന്റിനെ സ്തംഭിപ്പിച്ചുകൊണ്ട് പ്രതിനിധികളുടെ ഉൾപ്പടെ ശ്രദ്ധയും ആദരവും നേടിയ ആ പന്ത്രണ്ട് വയസുകാരി ലിസിപ്രിയ കം​ഗുജം. ഇന്ത്യയിലെ മണിപ്പൂരിൽ നിന്നെത്തിയ ഏറ്റവും  പ്രായം കുറഞ്ഞ പ്രതിനിധി. 

"കല്‍ക്കരി, 1ഓയില്‍, ഗ്യാസ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ ഒന്നിക്കണം. കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന ഉറവിടങ്ങളിലൊന്ന് കല്‍ക്കരിയുടെ ഉപയോഗമാണ്. ഇന്നത്തെ പ്രവൃത്തിയാകും ഭാവി തീരുമാനിക്കുക” എന്ന് പ്ലക്കാര്‍ഡുമായി വേദിയിലെത്തി ഉറക്കെ വിളിച്ചുപറഞ്ഞ ലിസിപ്രിയയെ യു.എൻ സുരക്ഷ ഉദ്യോ​ഗസ്ഥരെത്തി വേദിയിൽ നിന്ന് പിടിച്ചുകൊണ്ട് പോകുകയും ലിസി പ്രിയയുടെ ബാഡ്ജ് സെക്യൂരിറ്റി ഗാർഡുകൾ എടുത്തുകളയുകയും ഉച്ചകോടിയിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തത് സമ്മേളന വേദിയിൽ ആശങ്ക പരത്തി.

ലിസിപ്രിയ പ്രകൃതിസംരക്ഷണത്തിനായി പല ഘട്ടങ്ങളിലും പ്രതിരോധമുയർത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവര്‍ത്തകയാണ് ലിസിപ്രിയ. ചെറുപ്പം മുതലേ പിതാവ് കെ.കെ സിം​ഗിനൊപ്പം വിവിധ സമ്മേളനങ്ങളിലും, സെമിനാറുകളിലും പങ്കെടുത്ത അനുഭവങ്ങളാണ് ലിസിപ്രിയയെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ചേർത്ത് നിർത്തുന്നത്.

2019ൽ  ഏഴാം വയസ്സിൽ ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിന് പുറത്ത്, ‘Dear Mr. MODI & MPs, PASS THE CLIMATE CHANGE LAW! ACT NOW!’ എന്ന് എഴുതിയ പ്ലക്കാർഡുമായി ദിവസങ്ങളോളം നിന്ന സമരപശ്ചാത്തലമുണ്ട് ലിസിപ്രിയക്ക്. കാലാവസ്ഥാ വ്യതിയാന നിയമം പാസാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആഹ്വാനം ചെയ്തുകൊണ്ട് അവൾ നടത്തിയ ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ പല എംപിമാരും ലിസിപ്രിയയെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 2019 ജൂലൈ 24ന് ലോകസഭയില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

പഠനം ഉപേക്ഷിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ ആ കൊച്ച് മിടുക്കി  മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു. “ഞാൻ എന്തിന് ഇവിടെ വരണം? ഞാൻ എന്തിന് ഇവിടെ സംസാരിക്കണം? എനിക്ക് എന്റെ സ്കൂളിൽ പോകണം. എനിക്ക് എന്റെ പുസ്തകങ്ങൾ വായിക്കണം. എനിക്ക് കളിക്കണം. എനിക്ക് പഠിക്കാൻ ഉണ്ട്. പക്ഷേ നമ്മുടെ നേതാക്കളെല്ലാം എന്റെ ബാല്യകാല ജീവിതവും സുന്ദരമായ ഭാവിയും തകർത്തു. ഇത് ന്യായമല്ല!”. 2018ൽ ആറ് വയസുള്ളപ്പോൾ മംഗോളിയയുടെ തലസ്ഥാനരമായ ഉലാൻബത്തറിൽ നടന്ന ഏഷ്യാ മിനിസ്റ്റീരിയൽ ഡിസാസ്റ്റർ റിഡക്ഷനിൽ പങ്കെടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നാണ് ലിസിപ്രിയ പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിനായി ചൈൽഡ് മൂവ്മെന്റ് എന്ന പേരിൽ ഒരു സംഘടന ആരംഭിക്കുകയായിരുന്നു. 2019 -ലെ ഐക്യരാഷ്ട്ര കാലാവസ്ഥാവ്യതിയാന സമ്മേളനത്തിൽ പ്രഭാഷകയായിരുന്നു ലിസിപ്രിയ. ഗ്ലോബൽ പീസ് ഇൻഡെക്സ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിൽ നിന്നുള്ള ലോക ശിശു സമാധാന സമ്മാനം, അന്താരാഷ്ട്ര യുവജന സമിതിയിൽ നിന്നുള്ള ഇന്ത്യ സമാധാന സമ്മാനം, 2019ല്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ചില്‍ഡ്രന്‍ അവാര്‍ഡ് എന്നിവ ലിസിയെ തേടിയെത്തിയിരുന്നു. കോപ് 28 സമ്മേളനത്തിന്റെ ഉദ്‌ഘാടന വേദി.

ഇന്ത്യയുടെ ഗ്രേറ്റ തുന്‍ബര്‍ഗെന്നാണ് അറിയപ്പെടുന്നതെങ്കിലും അത്തരം വിശേഷണങ്ങൾ ആവർത്തിക്കരുതെന്നാണ് ലിസിപ്രിയ പറയുന്നത്. "പ്രിയപ്പെട്ട മാധ്യമങ്ങളേ.. എന്നെ ഇന്ത്യയുടെ ഗ്രേറ്റയെന്ന് വിളിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ ഗ്രേറ്റയെ പോലെ ആവാനല്ല സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നത്. തീര്‍ച്ചയായും അവര്‍ എന്നെ പ്രചോദിപ്പിക്കുന്നവരില്‍ ഒരാളാണ്. ഏറെ സ്വാധീനിക്കുന്നയാളുമാണ്. ഞങ്ങള്‍ക്ക് സമാന ലക്ഷ്യമാണെങ്കിലും എനിക്ക് എന്റേതായ വ്യക്തിത്വവും കഥയുമുണ്ട്. ഗ്രേറ്റ തുടങ്ങുന്നതിനേക്കാള്‍ മുമ്പ് 2018 ജൂലൈ മുതല്‍ തന്നെ ഞാന്‍ എന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.” എന്നാണ് മുൻപ് ഈ വിശേഷണത്തെക്കുറിച്ച് ലിസിപ്രിയ ട്വീറ്റ് ചെയ്തത്.

2020 മാർച്ച് എട്ടിന് വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ #SheInspiresUs ക്യാമ്പയിനിനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടത്തിൽ ഒരാളായിരുന്നു ലിസിപ്രിയ. പ്രചോദനമായ സ്ത്രീകളില്‍ ഒരാളായി തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെങ്കിലും തന്നെ കേള്‍ക്കാത്ത പ്രധാനമന്ത്രിയുടെ ആദരം തനിക്കുവേണ്ടെന്ന് പറഞ്ഞ്, ആദരവ് നിരസിച്ചു. 2015 ലെ നേപ്പാൾ ഭൂകമ്പബാധിതരെ സഹായിക്കാനായി നടത്തിയ ധനസമാഹരണത്തിൽ തൻ്റെ പിതാവിനൊപ്പം പങ്കാളിയാകുകയും 2018 ൽ കേരളം നേരിട്ട പ്രളയത്തിലകപ്പെട്ട കുട്ടികളെ സഹായിക്കാൻ തന്റെ സമ്പാദ്യമായ 100,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ, ലിസിപ്രി സംഭാവന നൽകുകയും ചെയ്തിരുന്നു. കോപ് 28 ൽ പ്രതിഷേധിക്കുന്ന വീഡിയോ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ലിസിപ്രിയ പങ്കുവയ്ക്കുകയും ലോക ശ്രദ്ധനേടുകയും ചെയ്തു.

 ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ ഗ്രഹം എന്നിവ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളാണെന്നും നിശബ്ദരായ ആ കുട്ടികൾക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നും പറഞ്ഞ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ലോക നേതാക്കളുടെ വാഗ്ദാനങ്ങൾ കേട്ടുമടുത്തതുകൊണ്ടാണ് പ്ലീനറി സെഷൻ തടസ്സപ്പെടുത്തിയതെന്നും നഷ്ടമുണ്ടായ ശേഷം നാശനഷ്ടത്തിനുള്ള ഫണ്ട് സ്വീകരിച്ച് കടക്കെണിയിലകപ്പെടാൻ കുട്ടികൾ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ശരിയായ അവകാശത്തിന് വേണ്ടി പ്രതിഷേധിച്ച തന്നെ പുറത്താക്കിയത് ബാലാവകാശ ലംഘനമാണെന്നും നിശബ്​ദയാകില്ലെന്നും ലിസിപ്രിയ കൂട്ടിച്ചേർത്തു.

ഏകദേശം 60,000 ൽ അധികം പ്രതിനിധികൾ പങ്കെടുത്ത കോപ് 28 സമ്മേളനത്തിൽ ലിസിപ്രിയ ഉയർത്തിയ പ്രതിഷേധത്തിന്റെ ​ഗൗരവം കൂടുതൽ വ്യക്തമാക്കുന്ന രീതിയിലാണ് ഉച്ചകോടി അവസാനിച്ചത്. എണ്ണയുത്‌പാദകരാജ്യമായ യു.എ.ഇ സർക്കാർ സമ്മേളനത്തിന് നേത‍‍ൃത്വം നൽകുന്നതിനെതിരെ കോപ് 28 തുടങ്ങുന്നതിന് മുൻപ് തന്നെ വിമർശനങ്ങളുയർന്നു. വ്യവസായവിപ്ലവത്തിന് മുമ്പുള്ള താപ‌നിലയിൽനിന്ന് ഒരു ഡിഗ്രിയോളം താപനില വർധിച്ചു. അന്തരീക്ഷത്തിലെ താപവർധന പാരീസ് ഉടമ്പടി പ്രകാരം1.5 ഡിഗ്രി സെൽഷ്യസിൽ  നിലനിർത്താൻ ആവശ്യമായ നടപടികൾ ഈ സമ്മേളനത്തിലെങ്കിലുമുണ്ടാകുമോ എന്നാണ് ലോകം കാത്തിരുന്നത് .

ഇതിനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും നിർത്തിവയ്ക്കുകയും ചെയ്യുന്ന തീരുമാനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കുന്ന രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത്തരത്തിലൊരു തീരുമാനം ഉണ്ടായില്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഈ ദശകത്തിന്റെ അവസാനത്തോടെ ഘട്ടംഘട്ടമായി കുറക്കാമെന്ന പതിവ് വാഗ്ദാനത്തിലാണ് കോപ് 28 സമ്മേളനം പിരിഞ്ഞത്. എണ്ണ ഉൽപ്പാദകരായ സൗദി അറേബ്യയും റഷ്യയും ഉപയോക്താക്കളായ ഇന്ത്യയും ചൈനയും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഈ ദശകത്തിന്റെ അവസാനത്തോടെ മാത്രമേ കുറയ്ക്കാൻ കഴിയൂ എന്ന സമീപനത്തിലുറച്ച് നിൽക്കുകയാണ് എന്നത് ആശങ്ക കൂട്ടുന്നുണ്ട്. ഇന്ത്യയും ചൈനയും ആഭ്യന്തരമായി കുഴിച്ചെടുക്കുന്ന ഫോസിൽ ഇന്ധനമായ കൽക്കരിയുടെ ഉപയോ​ഗം കുറയ്ക്കുന്നതിനുള്ള തീരുമാനവും ഈ സമ്മേളനത്തിലും ഉണ്ടായില്ലെന്ന് മാത്രമല്ല ചർച്ചകളിലും വാചകമടികളിലും മാത്രം ഒതുങ്ങുന്ന കോപ്രായങ്ങൾ കൊണ്ട് ഭൂമി രക്ഷപ്പെടില്ല.

Author
Journalist

Dency Dominic

No description...

You May Also Like