ഒരിക്കൽ കൂടി - കവിത

ഇനി ഒരിക്കൽ കൂടി ഇതെല്ലാം തിരിച്ചു വന്നാലും എനിക്കിതെല്ലാം വെറും കാഴ്ചകൾ മാത്രമല്ലേ..

ഇനി ഒരിക്കൽ കൂടി ആ പഴയ പെറ്റികോട്ടുകാരിയാവണം. കാലിൽ ചെരിപ്പിടാതെ പാടവരമ്പിലൂടെ ഓടി നടക്കണം

കണ്ണുരുട്ടി പേടിപ്പിക്കുന്ന തവള ചേട്ടൻമാരെ തിരിച്ചും കണ്ണുരുട്ടി പേടിപ്പിക്കണം. 

ചാഞ്ഞു കിടക്കുന്ന പറങ്കിമാവിൻ്റെ കൊമ്പിലിരുന്ന് കുതിച്ചു ചാടിക്കളിക്കണം. 

തെക്കേ തൊടിയിലെ മുത്തശ്ശൻ മാവിൻ്റെ ചുവട്ടിൽ വീണു കിടക്കുന്ന മാങ്ങാകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത് ഉപ്പും കൂട്ടി കറുമുറെ കടിച്ചു തിന്നണം.

നിറയെ ചില്ലകളുള്ള ചാമ്പ മരത്തിൽ അമ്മമ്മ കാണാതെ വലിഞ്ഞുകയറണം. 

അമ്മമ്മ കണ്ടുവന്നെനിക്കൊരുനുള്ളു തരണം. ചിണുങ്ങി കരയുന്ന എന്നെ കൊഞ്ചിക്കാൻ വരുമ്പോൾ പിണംക്കം കാട്ടി ഓടി പോകണം

കുഞ്ഞു നക്ഷത്രങ്ങളെ പോലെ മുറ്റം നിറച്ചും വീണു കിടക്കുന്ന ഇലഞ്ഞി പൂക്കൾ വാഴനാരിൽ കോർത്ത് തലയിൽ ചൂടണം.

ആകാശം കാണിക്കാതെ പുസ്തകത്തിലൊളിപ്പിച്ചു വച്ച മയിൽപീലിക്ക് കുഞ്ഞുങ്ങളായോന്ന് ഇടയ്ക്കിടെ പോയി നോക്കണം.

കളി കൂട്ടുകാരോടെത്ത്  ആകാശവും  ഭൂമിയും , കള്ളനും പോലീസും തുടങ്ങി കളികൾ പലതും കളിക്കണം ,

എത്ര കളിച്ചാലും മതിയാകാത്ത ആ സുന്ദര ദിനങ്ങളിലേക്ക് ഒരിക്കൽ കൂടി പോകണം.

നിധിപോലെ സൂക്ഷിച്ചു വച്ചിട്ടുള്ള മഞ്ചാടിമണികൾ മോഷണം പോയിട്ടില്ലെന്നുറപ്പു വരുത്താൻ ഇടയ്ക്കിടെ ചെപ്പു തുറന്ന് എണ്ണി നോക്കണം.

എൻ്റെ എണ്ണം തെറ്റിയതാണെങ്കിലും കുറവുകണ്ടാൽ അനിയൻ കുട്ടനോട് വഴക്കുണ്ടാക്കണം. 

വർഷത്തിലൊരിക്കൽ കുളം തേവുമ്പോൾ ആ ചെളിയിലും വെള്ളത്തിലുമൊക്കെ തിമിർത്ത് കളിക്കണം.

ചെളിവെള്ളത്തോടൊപ്പം കരയിലേക്ക് വീഴുന്ന മീനുകളെയൊക്കെ പിടിച്ച് ചെമ്പിലെ വെള്ളത്തിലിട്ട് കളിപ്പിക്കണം

ചേമ്പിലയിൽ ഓടി കളിക്കുന്ന പളുങ്കുമണിയിൽ സൂര്യപ്രകാശം തട്ടുമ്പോഴുള്ള ഭംഗി കണ്ട് അന്തംവിട്ട് നോക്കി നിൽക്കണം. '

പള്ളിപ്പെരുന്നാളിനും, ഉത്സവത്തിനുമെല്ലാം കളി കൂട്ടുകാരോടൊപ്പം പോകണം,

ഉത്സവ പറമ്പിലെ കടകളിലെ സാധനങ്ങള്ളല്ലാം കണ്ടാസ്വദിക്കണം. കൈ നിറയെ കുപ്പിവള വാങ്ങിച്ചിടണം.

തിടമ്പെടുത്തുനിൽക്കുന്ന ഗജവീരൻമാരെ ആരാധനയോടെ നോക്കി നിൽക്കണം.. 

ഇനി ഒരിക്കൽ കൂടി ഇതെല്ലാം തിരിച്ചു വന്നാലും എനിക്കിതെല്ലാം വെറും കാഴ്ചകൾ മാത്രമല്ലേ..

കൗതുക കാഴ്ചകളോ , മധുരമുള്ള അനുഭവങ്ങളൊ ആകില്ലല്ലോ കാരണം ഞാനിന്നാ പഴയ പെറ്റിക്കോട്ടുകാരിയല്ല.....

രമ്യ വിഷ്ണു

അങ്ങനെയിരിക്കെയാണ് അയാൾ എന്നിൽ മരണപ്പെടുന്നത്....!!

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like