അങ്ങനെയിരിക്കെയാണ് അയാൾ എന്നിൽ മരണപ്പെടുന്നത്....!!
- Posted on September 18, 2021
- Ezhuthakam
- By enmalayalam
- 707 Views
അങ്ങനെയിരിക്കെയാണ് നിലച്ചു പോയ ഘടികാരം കണക്കെ അയാളെന്നിൽ മരണപ്പെടുന്നത്.....
കണ്ടുമുട്ടിയപ്പോൾ
അയാളാദ്യം
കണ്ണിലെ
വിടർന്ന
വയലറ്റ്
പൂക്കളെക്കുറിച്ചാണ്
വാചാലമായത്...
മുറിവേറ്റ
നിമിഷത്തെ
ഒഴുകാൻ
പാകത്തിനു
കാലത്തെ അയാൾ
വിദഗ്ധമായി
വഴി തിരിച്ചു വിട്ടിരുന്നു...
ആത്മസംഘർഷങ്ങളുടെ
വിളറിവെളുത്ത
നക്ഷത്രങ്ങളെ
കൊളുത്തിട്ട് പിടിച്ചു
അയാൾ
നാടു കടത്തിയിരുന്നു...
വിഷാദത്തിന്റെ
അതിർത്തിയിലെ
പുറ്റു പിടിച്ച ഓർമ്മകളുടെ
ദുർഘടം പിടിച്ച
അപകടഗർത്തങ്ങളെ
ഒരു മാന്ത്രികൻ കണക്കെ
ചാടിക്കടന്നിരുന്ന
അയാൾ
വിദൂരതയിലെ
കടിയനുറുമ്പരിച്ച
നിരതെറ്റാതെ പോകുന്ന
ഇന്നലെകളുടെ
പെയ്ത്തുകളിൽ
ഉമ്മകൾ കുടഞ്ഞിട്ട്
അതിവേഗം
അലിയിച്ചു
കളഞ്ഞിരുന്നു....
അങ്ങനെയിരിക്കെ
സന്ധ്യയുടെ
അസ്വസ്ഥത
മണക്കുന്ന
ഒരു സംഘർഷഭൂമിയിൽ
ആക്‌സ്മികമായ
വാക്കുകളുടെ
കടന്നുകയറ്റങ്ങളിൽ
നീണ്ട മുടിയുള്ള
മൂക്കുത്തി മുഖമുള്ള
മറ്റൊരു കണ്ണിലെ
ഓർക്കിഡ്
പൂക്കളെക്കുറിച്ച്,
ചില്ലു ചഷകം നിറയ്ക്കുന്ന
വീഞ്ഞിന്റെ നുരയെക്കുറിച്ച്,
ഒളിക്കാൻ പാകത്തിനു
ആകാശമൊളിപ്പിച്ച
പ്രപഞ്ചത്തെക്കുറിച്ച്
അയാളൊരു കവിത
രക്തത്തിൽ
മുക്കി എഴുതുന്നു.....
യുദ്ധമവസാനിച്ചിട്ടും
ഉടമ്പടി
പ്രണയംകൊണ്ടൊപ്പ്
വെച്ചിട്ടും
പതുക്കെ പതുക്കെ
അങ്ങനെയിരിക്കെയാണ്
നിലച്ചു പോയ
ഘടികാരം കണക്കെ
അയാളെന്നിൽ
മരണപ്പെടുന്നത്.....
നീതു മൈഥിലി