പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുന്നത് പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് സി പി ഐ
- Posted on April 19, 2023
- Localnews
- By Goutham Krishna
- 167 Views
ന്യൂദൽഹി: പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുന്നത് പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് സി പി ഐ. പാർലമെന്ററി ഗ്രൂപ്പ് നേതാവും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു. മാർച്ച് 24 ന് പാർലമെന്റിൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന് ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ ഒരു കമ്മറ്റി രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കമ്മറ്റിയുടെ ഘടനയെ കുറിച്ച് ജീവനക്കാർക്ക് ആശങ്കകളുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയ കത്തിൽ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ധനകാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പെൻഷൻ പേഴ്സണൽ ആന്റ് ട്രെയിനിങ്ങ്, ചെലവ് വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ എന്നിവർ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. സമിതിയിൽ ജീവനക്കാരുടെ പ്രതിനിധികൾ ഇല്ലെന്നത് അമർഷത്തിനിടയാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും പെൻഷൻ കാരുടെയും ആശങ്കകൾ പരിഹരിക്കുന്ന വിധത്തിലല്ല കമ്മിറ്റിയുടെ പരിശോധനാ വിഷയങ്ങളെന്നും ദേശീയ പെൻഷൻ പദ്ധതി പൂർണ്ണമായും നിരസിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ