ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്.
- Posted on March 28, 2025
- News
- By Goutham prakash
- 114 Views
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്.
ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ ലംഘിച്ച നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ഡൽഹിയിലെ മോഹൻ കോഓപ്പറേറ്റീവ് വ്യവസായിക മേഖലയിലെ ആമസോൺ സെല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംഭരണശാലകളിൽ 2025 മാർച്ച് 19 ന് ദേശീയ മാനദണ്ഡ സംവിധാന സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഡൽഹി ശാഖ റെയ്ഡ് നടത്തി. 15 മണിക്കൂറിലധികം നീണ്ടുനിന്ന ഈ ദൗത്യത്തിൽ ഐഎസ്ഐ മുദ്ര ഇല്ലാത്തതും വ്യാജ ഐഎസ്ഐ മുദ്ര പതിച്ചതുമായ 3,500 ലധികം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഗീസറുകൾ, ഫുഡ് മിക്സറുകൾ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങി പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ആകെ മൂല്യം ഏകദേശം 70 ലക്ഷം രൂപയാണ്.
ഡൽഹിയിലെ ത്രിനഗറിൽ സ്ഥിതി ചെയ്യുന്ന ഫ്ലിപ്കാർട്ട് അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാകാർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ മറ്റൊരു റെയ്ഡിൽ, വിതരണത്തിനായി പാക്ക് ചെയ്തു സൂക്ഷിച്ചിരുന്ന ഐഎസ്ഐ മുദ്ര ഇല്ലാത്തതും നിർമ്മാണ തീയതി ഇല്ലാത്തതുമായ സ്പോർട്സ് ഫുട്‍വെയറുകൾ കണ്ടെത്തി. ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന ഏകദേശം 590 ജോഡി സ്പോർട്സ് ഫുട്‍വെയറുകൾ ഈ ദൗത്യത്തിൽ പിടിച്ചെടുത്തു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, ബിഐഎസ് സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ ദൗത്യങ്ങൾ നടത്തുകയും ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ്, ലഖ്‌നൗ, ശ്രീപെരുമ്പുത്തൂർ എന്നിവിടങ്ങളിൽ നിന്നും നിലവാരമില്ലാത്ത വിവിധ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ റെയ്ഡുകൾ. നിലവിൽ വിവിധ നിയന്ത്രണ സംവിധാനങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന മന്ത്രാലയങ്ങളും 769 ഉൽപ്പന്നങ്ങൾ നിർബന്ധിത സർട്ടിഫിക്കേഷനായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. BIS-ൽ നിന്നുള്ള സാധുവായ ലൈസൻസോ കംപ്ലയൻസ് സർട്ടിഫിക്കറ്റോ (CoC) ഇല്ലാതെ ഈ ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, വിതരണം , വിൽപന, വാടകയ്‌ക്കെടുക്കൽ, പാട്ടത്തിന് നൽകൽ, സംഭരണം അല്ലെങ്കിൽ പ്രദർശനം (വിൽപ്പനയ്‌ക്കായി) എന്നിവ നിരോധിച്ചിരിക്കുന്നു.
ഈ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും 2016-ലെ ബി ഐ എസ് നിയമത്തിലെ വകുപ്പ് 29-ലെ ഉപവകുപ്പ് (3) പ്രകാരം തടവ്, പിഴ അല്ലെങ്കിൽ രണ്ടും കൂടി അടങ്ങിയ ശിക്ഷയ്ക്ക് അർഹരായിരിക്കും.
