തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ഇ-ഡ്രോപ്പ് സോഫ്റ്റ് വെയർ സജ്ജീകരിച്ചു.
- Posted on October 30, 2025
- News
- By Goutham prakash
- 32 Views
2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇ-ഡ്രോപ്പ് ( e-drop) സോഫ്റ്റ് വെയർ സജ്ജീകരിച്ചു. വെബ് അധിഷ്ഠിത സോഫ്റ്റവെയറായ ഇ-ഡ്രോപ്പ് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് വികസിപ്പിച്ചത്.
സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, പി.എസ്.സി. എയിഡഡ് സ്കൂളുകൾ/കോളേജുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയാണ് ഇ-ഡ്രോപ്പിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ സ്ഥാപന മേധാവികൾക്ക് ലഭ്യമാക്കുന്ന യൂസർ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് സ്ഥാപന മോധാവികൾ ജീവനക്കാരുടെ വിവരങ്ങൾ ഇ-ഡ്രോപ്പിൽ നൽകണം. Institution https://edrop.sec.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് കാര്യാലയങ്ങൾ സ്വയം രജിസ്ട്രേഷൻ നടത്തേണ്ടതും ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുമാണ്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കപ്പെടുവാൻ അർഹതയുള്ള ജീവനക്കാരുടെ വിശദാംശങ്ങൾ തെളിവ്/മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം സ്റ്റാഫ് ലിസ്റ്റിൻ്റെ ഹാർഡ് കോപ്പിയും, ഡാറ്റാ എൻട്രി പൂർത്തീകരണത്തിന്റെ അക്നോളജ്മെൻ്റും നവംബർ 7ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയെ ഏൽപ്പിക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളുടേയും വിവരങ്ങൾ ഇ-ഡ്രോപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പ് വരുത്തണം. സ്ഥാപനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതും സമർപ്പിച്ചതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തി നവംബർ 10ന് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.
