ഓണറേറിയം നൽകേണ്ടത് സർക്കാർ തന്നെ എന്ന് അംഗീകരിക്കപ്പെട്ടു വർദ്ധന തുച്ഛം , സമരം തുടരും : കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.

തിരുവനന്തപുരം (29/10/22) : ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് സർക്കാർ നടത്തിയ പ്രഖ്യാപനം സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നു. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാർ അല്ല എന്ന വ്യാപക പ്രചാരണത്തിന് സർക്കാർ തന്നെ നൽകുന്ന മറുപടിയാണ് ഇത്. എന്നാൽ ആയിരം രൂപ പ്രതിമാസവർദ്ധന എന്നത് അംഗീകരിക്കാൻ ആവുന്നതല്ല. ദിനംപ്രതി കേവലം 33 രൂപ വർദ്ധിപ്പിക്കുന്നതിലൂടെ ദരിദ്രരായ ആശാവർക്കർമാരെ വീണ്ടും അപമാനിക്കുകയാണ് സർക്കാർ ചെയ്തത്. വിരമിക്കൽ ആനുകൂല്യം എന്ന വളരെ സുപ്രധാനമായ ആവശ്യത്തെപ്പറ്റി പരാമർശിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല എന്നതും പ്രതിഷേധാത്മകമാണ്. 263 ദിവസം സമരം ചെയ്ത് നേടിയ വർദ്ധനവ് സ്വീകരിക്കുന്നു എങ്കിലും സമരം ശക്തമായി തുടരും എന്ന് സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.


ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കൽ രാപകൽ സമരം ആരംഭിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ സ്ത്രീ തൊഴിലാളി സമരത്തിന്റെ 263ാം ദിവസം മാത്രമാണ് അനുകൂലമായി പ്രതികരണം നടത്താൻ സർക്കാർ തയ്യാറായത്. ഇതിനിടെ വിവിധ ഘട്ടങ്ങളിലായി പല സമരമുറകളും ആശാസമരത്തിലൂടെ കേരളം കണ്ടു. നിരാഹാര സമരം, മുടിമുറിക്കൽ സമരം, നിയമസഭാ മാർച്ച്, സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി സ്ത്രീ തൊഴിലാളികൾ തെരുവിൽ ഉറങ്ങി സംസ്ഥാനത്തുടനീളം നടത്തിയ രാപകൽ സമര യാത്ര ഉൾപ്പെടെ വലിയ ജനപിന്തുണയോടെ വിജയിച്ചിരുന്നു. സമരത്തിൻറെ 256ാം ദിവസം ആശമാർ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ ക്രൂരത വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ ജനരോഷം നിലനിൽക്കെയാണ് സർക്കാർ പ്രഖ്യാപനം വന്നത്. അടുത്ത സമരരൂപം പ്രഖ്യാപിക്കുന്നതിനായി ഉടനടി സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി കെ സദാനന്ദൻ പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like