റെയിൽവൺ ആപ്പ് പുറത്തിറങ്ങി: ഇനി യാത്രാ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍.

 *സി.ഡി. സുനീഷ്.* 


യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ നിരന്തരം നടപടികൾ സ്വീകരിച്ചുവരികയാണ് റെയിൽവേ. പുതുതലമുറ ട്രെയിനുകള്‍ അവതരിപ്പിച്ചതും സ്റ്റേഷനുകളുടെ പുനര്‍വികസനവും പഴയ കോച്ചുകള്‍ പുതിയ എൽഎച്ച്ബി കോച്ചുകളായി നവീകരിക്കുന്നതുമടക്കം  നിരവധി നടപടികൾ കഴിഞ്ഞ ദശകം ട്രെയിന്‍ യാത്രാനുഭവം മെച്ചപ്പെടുത്തി.


സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ (സിആർഐഎസ്) 40-ാം സ്ഥാപക ദിനമായ ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവൺ (RailOne) എന്ന പുതിയ അപ്ലിക്കേഷന്‍ പുറത്തിറക്കി. റെയിൽവേയുമായി യാത്രക്കാരുടെ സമ്പര്‍ക്കതലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് റെയിൽവൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഉപയോക്തൃ-സൗഹൃദ രൂപകല്‍പനയോടെ എല്ലാ സേവനങ്ങളും  ലഭ്യമായ സമഗ്ര  അപ്ലിക്കേഷനാണിത്.  ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും  iOS ആപ്പ് സ്റ്റോറിലും  ഡൗൺലോഡ് ചെയ്യാൻ ആപ്പ് ലഭ്യമാണ്. താഴെപ്പറയുന്നതടക്കം യാത്രാ സേവനങ്ങളെല്ലാം ഈ ആപ്ലിക്കേഷനില്‍ സംയോജിപ്പിക്കുന്നു:


 റിസർവ് ചെയ്യാത്ത ടിക്കറ്റുകളും  പ്ലാറ്റ്‌ഫോം ടിക്കറ്റുകളും 3% കിഴിവോടെ


 ട്രെയിനിന്റെ തത്സമയ സഞ്ചാരസ്ഥിതി


പരാതി പരിഹാരം


ഓണ്‍ലൈന്‍ ഭക്ഷണവിതരണം, ചുമട്ടുതൊഴിലാളികളെ ബുക്ക് ചെയ്യല്‍,   ടാക്സി സേവനം



റിസർവ് ചെയ്ത ടിക്കറ്റുകൾ ഐആർസിടിസി വഴി തുടർന്നും ലഭിക്കും. ഐആർസിടിസിയുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി വാണിജ്യ അപ്ലിക്കേഷനുകള്‍പോലെ റെയിൽവൺ ആപ്പിനെയും  ഐആർസിടിസി അംഗീകരിച്ചിട്ടുണ്ട്


എം-പിൻ അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങളുപയോഗിച്ച്  ലോഗിൻ ചെയ്ത് ഒറ്റത്തവണ സൈൻ-ഇന്‍ ചെയ്യാന്‍ റെയിൽവണിൽ സൗകര്യമുണ്ട്.  നിലവില്‍ റെയിൽകണക്റ്റ്, യുടിഎസ് അപ്ലിക്കേഷനുകള്‍ക്ക്  ഉപയോഗിച്ചിരിക്കുന്ന ലോഗിന്‍ വിവരങ്ങള്‍ ഇതിലും ഉപയോഗിക്കാം. ഒന്നിലധികം അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലാത്തതിനാല്‍ ഫോണ്‍ സ്റ്റോറേജ് ലാഭിക്കാം.  


ആധുനിക യാത്രാ റിസർവേഷൻ സംവിധാനം (PRS) 2025 ഡിസംബറോടെ



സി.ആർ.ഐ.എസിന്റെ സ്ഥാപക ദിനത്തിൽ മുഴുവൻ സംഘത്തെയും റെയിൽവേ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഡിജിറ്റൽ അടിത്തറ ഇനിയും ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം സി.ആർ.ഐ.എസിനോട് ആവശ്യപ്പെട്ടു.



നിലവിലെ പിആർഎസ് നവീകരിക്കുന്നതിൽ കൈവരിച്ച പുരോഗതിക്ക് സി.ആർ.ഐ.എസ്.സംഘത്തെ മന്ത്രി പ്രശംസിച്ചു. ആധുനിക പിആർഎസ് ചടുലവും ബഹുഭാഷാപരവും നിലവിലേതിനെക്കാള്‍ 10 മടങ്ങ് കൂടുതൽ ശേഷി കൈകാര്യം ചെയ്യാവുന്ന തരത്തില്‍ വിപുലീകരിക്കാവുന്നതുമായിരിക്കും. മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാനും 40 ലക്ഷം അന്വേഷണങ്ങള്‍ക്കും ഇതിലൂടെ സാധിക്കും.


പുതിയ പിആർഎസ് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കും. സീറ്റ് തിരഞ്ഞെടുക്കാനും നിരക്ക് കണക്കുകൂട്ടാനും വിപുലമായ നിര്‍വഹണ സംവിധാനങ്ങളും ദിവ്യാംഗർ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങിയവ‍ര്‍ക്ക് സംയോജിത സൗകര്യങ്ങളും ഇതിലുണ്ടാവും.



ഭാവി നിർവചിക്കുന്ന സാങ്കേതികവിദ്യ



ഇന്ത്യയുടെ വികസന യാത്രയുടെ വളർച്ചാ യന്ത്രമായി ഇന്ത്യൻ റെയിൽവേയെ മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനമാണ് റെയിൽവേയെ മുന്നോട്ടു നയിക്കുന്നത്. സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കാനും ഓരോ യാത്രികനും  ലോകോത്തര ഗതാഗത സൗകര്യം ഉറപ്പാക്കാനും ഇന്ത്യന്‍ റെയില്‍വേയുടെ  പ്രതിബദ്ധത റെയിൽവൺ ആപ്പ് പുറത്തിറക്കിയതിലൂടെ ഊട്ടിയുറപ്പിക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like