സാമ്പത്തിക ക്ലേശങ്ങൾ പഠനത്തിന് തടസ്സമാകില്ല; അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ധനസഹായം ഉറപ്പാക്കി കേരള കാർഷിക സർവകലാശാല.
- Posted on October 28, 2025
- News
- By Goutham prakash
- 28 Views
27, 2025 ഒക്ടോബർ | തൃശ്ശൂർ/ തിരുവന്തപുരം: അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണങ്ങളാൽ പഠനം നിർത്തേണ്ടി വരില്ലെന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നു കേരള കാർഷിക സർവകലാശാല. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള എല്ലാ വിധ സഹായങ്ങളും സർവകലാശാല നല്‍കുന്നുണ്ട്. ഇത് കൂടാതെ ഫീസ് കൺസഷൻ ലഭിക്കാത്തതും, പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളതുമായ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ മേരിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് (VCMMP) ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇത്തരത്തില്‍, സര്‍വ്വകലാശാല പുതുക്കിയ ഫീസ് ഘടന നടപ്പിലാക്കിയപ്പോള്‍, കുറഞ്ഞ വരുമാനമുള്ള കുടുംബത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് നിലവിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഫീസ് വർദ്ധനവിൽ നിന്നും ഒഴിവാക്കിയോ പ്രത്യേക സ്കോളർഷിപ്പുകൾ നൽകിയോ പഠനാവസരം നല്‍കി യോഗ്യരായ ഒരു വിദ്യാർത്ഥിയും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കോഴ്സ് കാലയളവിനുള്ളിൽ അതിയായ സാമ്പത്തിക തടസ്സം നേരിടുന്നവരെയും പ്രത്യേക കേസായി പരിഗണിച്ച്, മെറിറ്റ്-കം-മീൻസ് പ്രോഗ്രാമിൽ (VCMMP) ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആയത് സര്‍വ്വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പ്രവേശന സമയത്ത് എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
2025 ഒക്ടോബർ 28-ന് ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഒരു പുതിയ വിദ്യാർത്ഥി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി (TC) അപേക്ഷിച്ച സാഹചര്യത്തിൽ വിഷയത്തിന് സർവകലാശാല വ്യക്തത നൽകുകയാണ്. ഈ വിദ്യാർത്ഥിയുടെ സാമ്പത്തിക ആശങ്കകൾ പരിഹരിക്കുന്നതിനായി കാർഷിക ഫാക്കൽറ്റി ഡീൻ വിദ്യാർത്ഥിയുമായി നേരിട്ട് സുദീർഘമായി സംസാരിക്കുകയും, വിദ്യാർത്ഥിക്ക് അർഹമായ എല്ലാ സാമ്പത്തിക സഹായ പദ്ധതികളെക്കുറിച്ചു വിവരിക്കുകയും സാമ്പത്തിക സഹായം ഉറപ്പു നൽകുകയും ചെയ്തിരുന്നു. പ്രസ്തുത വിദ്യാർത്ഥി ഇ ഗ്രാന്റ്സ് സ്കോളർഷിപ്പിന് അര്ഹതയുള്ളതിനാൽ ടൂഷൻ ഫീസും ഹോസ്റ്റൽ ഫീസും നൽകേണ്ടതില്ല, അദ്ദേഹത്തിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നതല്ല.
"സാമ്പത്തിക ക്ലേശം കാരണം ഒരു വിദ്യാർത്ഥിയ്ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്നതാണ് സർവകലാശാലയുടെ ഉറച്ച നിലപാട്. സർക്കാർ പദ്ധതികൾ, സർവകലാശാലയുടെ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എയുടെയും സാമ്പത്തിക പിന്തുണയും ലഭ്യമാണ്. ആശങ്കകളുള്ള വിദ്യാർത്ഥികൾ അതാത്കോളേജ് ഡീന്‍മാരുമായും, വിദ്യാർത്ഥി ക്ഷേമ വിഭാഗവുമായി ബന്ധപ്പെടണം."
