മുട്ടിൽ മരംമുറി കേസ്: ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകൾ കേസന്വേഷണം ദുർബലമാക്കിയെന്ന് വെളിപ്പെടുത്തൽ.
- Posted on October 28, 2025
- News
- By Goutham prakash
- 27 Views
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അന്വേഷണം ദുർബലമെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു. ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളാണ് കേസ് ദുർബലമാക്കുന്നത്. അന്വേഷിക്കൂ, എന്നാൽ കണ്ടെത്തരുത് എന്ന രീതിയിലാണ് അന്വേഷണം. കർഷകർക്കെതിരായ നടപടി ഉദ്യോഗസ്ഥലത്തിൽ തുടരുകയാണ്. മരംമുറി കേസിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ചീഫ് സെക്രട്ടറി ജയതിലകിന് അറിയാം. കേസ് സംബന്ധിച്ച പരസ്യ വിമർശനത്തിന് പിന്നാലെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും കേസ് സിബിഐക്ക് വിടണമെന്നും ജോസഫ് മാത്യു ആവശ്യപ്പെട്ടു.
അഗസ്റ്റിൻ സഹോദരന്മാർ മരംമുറിച്ചത് മുട്ടിലിലെ 29 കർഷകരുടെ ഭൂമിയിൽ നിന്നാണ്. വില കൂടിയ മരങ്ങൾ വനം വകുപ്പിൻ്റെ അനുമതിയില്ലാതെ മുറിച്ചുകടത്തിയെന്നാണ് കേസ്. തങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സമർപ്പിച്ച ഹർജികൾ വനംവകുപ്പ് അപാകതകൾ ചൂണ്ടിക്കാട്ടി തള്ളിയിരിക്കുകയാണ്. കർഷകരെ സംരക്ഷിച്ച് കൊണ്ടാവും കേസന്വേഷണം എന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
