ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം.
- Posted on October 28, 2025
- News
- By Goutham prakash
- 21 Views
400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി.
ആരോഗ്യ വകുപ്പിന് കീഴില്‍ ലോക ബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 400 മില്യണ്‍ യു.എസ്. ഡോളറിന് (3,400 കോടിയോളം രൂപ) ലോക ബാങ്ക് അന്തിമാനുമതി നല്‍കി. ഇതിന്റെ 70 ശതമാനമായ 280 മില്യണ്‍ ഡോളര്‍ (2400 കോടിയോളം രൂപ) ലോക ബാങ്കും ബാക്കി സംസ്ഥാനവുമാണ് വഹിക്കുന്നത്. 2023ല്‍ പ്രാഥമിക അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് കേരളം വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ലോക ബാങ്കുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന ലോക ബാങ്കിന്റെ ജനറല്‍ ബോഡിയാണ് അന്തിമ അംഗീകാരം നല്‍കിയത്.
ആരോഗ്യ മേഖലയില്‍ വലിയ വികസനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. P for R (Programme for Results) മാതൃകയില്‍ ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചത്. ഉയര്‍ന്ന ജീവിത നിലവാരം, ആയുര്‍ദൈര്‍ഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങള്‍, അപകടങ്ങള്‍, അകാല മരണം എന്നിവയില്‍ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. പകര്‍ച്ചേതര വ്യാധികള്‍ തടയുന്നതിനായി സമഗ്രമായ ഒരു ആവാസ വ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയര്‍ന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലന്‍സും ട്രോമ രജിസ്ട്രിയും ഉള്‍പ്പെടെ 24x7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമര്‍ജന്‍സി, ട്രോമ കെയര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുക, കൂടാതെ വയോജന സേവനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടല്‍ മുഖേന, നിലനില്‍ക്കുന്ന വെല്ലുവിളികളും ഉയര്‍ന്നു വരുന്ന പുതിയ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങള്‍ പുനരാവിഷ്‌കരിക്കുക, വിഭവശേഷി വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ ഹെല്‍ത്ത് ആപ്ലിക്കേഷനുകള്‍ സാര്‍വ്വത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
കേരള സംസ്ഥാനം പൊതുജനാരോഗ്യത്തില്‍, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തില്‍ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ മറികടന്ന് ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും പുതിയ ആരോഗ്യ വെല്ലുവിളികളും പൊതുജനാരോഗ്യ മേഖലയിലെ ഫണ്ടിംഗിന്റെ അപര്യാപ്തതയും സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനവുമെല്ലാം കേരളത്തിന് അമിത ഭാരം സൃഷ്ടിക്കുന്നു. ആര്‍ദ്രം, ആരോഗ്യ ജാഗ്രത, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സംരംഭങ്ങള്‍ ഈ വെല്ലുവിളികളെ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായാണ് ഒരു പുതിയ സേവന വിതരണ മാതൃക സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്.
