ചേഞ്ചേരി: അമ്മമാരിൽ നിന്ന് മകളിലേക്കെത്തിയൊരു കൈത്തറി സ്വപ്നം.
- Posted on May 22, 2026
- News
- By Goutham prakash
- 42 Views
മേവാത്തിലെ സ്ത്രീകളുടെ കൈകളിൽ ഇപ്പോഴും ജീവിക്കുന്നു ഗോതമ്പ് തണ്ടുകളുടെ പാരമ്പര്യകല
ഹരിയാനയിലെ നൂഹ് ജില്ലയിൽ, ഒരുകാലത്ത് വീട്ടുമുറ്റങ്ങളിൽ കളിയായി തുടങ്ങിയ ഒരു കൈത്തറി കല ഇന്ന് നിരവധി സ്ത്രീകളുടെ ജീവിതോപാധിയായി മാറിയിരിക്കുകയാണ്. “ചേഞ്ചേരി” എന്നറിയപ്പെടുന്ന ഗോതമ്പ് തണ്ടുകൾ കൊണ്ട് നെയ്തെടുക്കുന്ന പരമ്പരാഗത പാത്രങ്ങളാണ് ഇപ്പോൾ ഗ്രാമീണ സ്ത്രീകൾക്ക് പ്രതീക്ഷയുടെ വഴിയാകുന്നത്.
നൂഹിലെ ഘസേര ഗ്രാമത്തിൽ താമസിക്കുന്ന 48-കാരിയായ അസ്മിനക്കും സുഹൃത്തായ സുബൈദയ്ക്കും ഈ കല ബാല്യത്തിൽ അമ്മമാരിൽ നിന്നാണ് പകർന്നുകിട്ടിയത്. മുമ്പ് വീട്ടിലെ ഉപയോഗത്തിനും ബന്ധുക്കൾക്ക് സമ്മാനിക്കാനുമായിരുന്നു ഇവ നിർമിച്ചിരുന്നത്. എന്നാൽ ഇന്ന് അതേ ചേഞ്ചേരികൾ ഡൽഹിയിലും മുംബൈയിലും മാത്രമല്ല, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്കും എത്തുകയാണ്.
ഗോതമ്പ് തണ്ടുകൾ സൂചി ഉപയോഗിച്ച് നന്നായി കീറി നെയ്തെടുത്താണ് ചേഞ്ചേരി തയ്യാറാക്കുന്നത്. നിറം കൊടുത്ത തണ്ടുകൾ ഉപയോഗിച്ച് പൂക്കളും തിരമാലകളും പാനിലകളുമൊക്കെയുള്ള ഡിസൈനുകൾ നെയ്തെടുക്കുന്നു. ഒരു ചേഞ്ചേരി പൂർത്തിയാക്കാൻ പത്ത് മുതൽ പന്ത്രണ്ട് ദിവസമെടുക്കും. വില ആയിരം മുതൽ പതിനയ്യായിരം രൂപവരെ എത്തും.
അസ്മിനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന “ബർകത്” എന്ന സ്വയംസഹായ സംഘത്തിൽ 12 സ്ത്രീകളുണ്ട്. ഹരിയാന സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷന്റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുന്നത്. ഭർത്താവിന് അപകടത്തെ തുടർന്ന് ജോലി ചെയ്യാനാകാതെ വന്നതോടെ കുടുംബത്തിന്റെ ഏക വരുമാനമാർഗമായി അസ്മിനയ്ക്ക് ഈ കൈത്തറി മാറി. ഇന്ന് മാസത്തിൽ ഏഴായിരം മുതൽ പത്തായിരം രൂപവരെ ഇവർ സമ്പാദിക്കുന്നു.
എന്നാൽ ഈ കലയുടെ നിലനിൽപ്പ് ഇന്ന് ആശങ്കയിലാണെന്ന് സ്ത്രീകൾ പറയുന്നു. “പുതിയ തലമുറയ്ക്ക് ചേഞ്ചേരി വേണ്ടെന്നാണ് പറയുന്നത്. പഠിച്ചിട്ട് വീണ്ടും ഇതേ ജോലി ചെയ്യേണ്ടതുണ്ടോ എന്നാണ് അവർ ചോദിക്കുന്നത്,” അസ്മിന പറയുന്നു.
ചേഞ്ചേരി നിർമിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഗോതമ്പ് തണ്ടുകൾ ഇന്ന് ലഭിക്കാൻ ബുദ്ധിമുട്ടാണ്. രാസവളങ്ങളും കീടനാശിനികളും കൂടുതലായി ഉപയോഗിക്കുന്നതോടെ തണ്ടുകൾ ദുർബലമാകുകയും നെയ്യാൻ പറ്റാതാവുകയും ചെയ്യുന്നു. അതിനിടെ, ശക്തമായ മഴ കാരണം വലിയ ഓർഡറുകൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.
എന്നിരുന്നാലും അസ്മിനക്കും കൂട്ടുകാർക്കും ഈ കല ഉപേക്ഷിക്കാനില്ല. വീട്ടുവളപ്പുകളിൽ നിന്ന് ദേശീയ പ്രദർശനങ്ങളിലേക്കെത്തിയ ഇവർക്ക് ഒരിക്കൽ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും കാണാൻ പോലും അവസരം ലഭിച്ചു.
“ഒരിക്കൽ സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്യുന്നത് പാപമാണെന്ന് പറഞ്ഞവർ ഇന്നിപ്പോൾ ഞങ്ങളുടെ സംഘത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു,” അസ്മിന അഭിമാനത്തോടെ പറയുന്നു.
പക്ഷേ അവസാനത്തിൽ ഇവർക്കൊരു ഭയമുണ്ട് — അടുത്ത തലമുറ ഈ പാരമ്പര്യകല കൈമാറാതെ പോയാൽ, ചേഞ്ചേരി ഒരുദിവസം ഓർമ്മച്ചിഹ്നമായി മാത്രം ശേഷിക്കുമോ എന്നത്.
