മൊറട്ടോറിയം കാലാവധി ഇനിയും നീട്ടി നല്‍കാനാവില്ലെന്ന് കേന്ദ്രം സൂപ്രീംകോടതിയില്‍

ആറു മാസത്തിലുമധികം വായ്പാ മൊറട്ടോറിയം കാലാവധി നീട്ടി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയില്‍. കോവിഡുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ വിവിധ മേഖലകള്‍ക്ക് ഇതില്‍ കൂടുതല്‍ ആനുകൂല്യം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയെ അറിയിച്ചത്.

മൊറട്ടോറിയത്തിന് ആറുമാസത്തില്‍ കൂടുതല്‍ കാലാവധി നല്‍കുന്നത് വായ്പാ അച്ചടക്കം ഇല്ലാതാക്കുമെന്നും പുതിയ വായ്പ സൃഷ്ടിക്കുന്നതിന് തടസ്സമാകുമെന്നും ആര്‍ബിഐ സുപ്രീം കോടതിയെ അറിയിച്ചു.
മൊറട്ടോറിയം കാലയളവില്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിനു പുറമേ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിംഗ് മേഖലയ്ക്കും ഹാനികരമാകുമെന്നും പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

റിയല്‍ എസ്റ്റ്‌റ്റേറ്റ്, ഊര്‍ജം എന്നീ മേഖലകളിലെ പ്രതിസന്ധി കോവിഡിനും മുമ്പേ ആരംഭിച്ചതാണെന്നും അവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്കിംഗ് റെഗുലേഷനിലൂടെ സാധിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ഈ രണ്ടു മേഖലകളുടെ ആശങ്കകള്‍ കൂടി പരിഹരിക്കപ്പെടണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഇടപെടലുകള്‍ ഇല്ലാതെ തന്നെ വായ്പാ ദാതാക്കളും വായ്പയെടുത്തവരും ചേര്‍ന്ന് പുനര്‍ഘടന പദ്ധതി രൂപപ്പെടുത്തുകയാണ് വേണ്ടതെന്നാണ് സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്ഒക്ടോബര്‍ 13ന് കോടതി സൂപ്രീം കോടതി ഇക്കാര്യത്തില്‍ വീണ്ടും വാദം കേള്‍ക്കും.


Author
ChiefEditor

enmalayalam

No description...

You May Also Like