മസാല ദോശയും ചില സൗത്ത് ഇന്ത്യൻ കഥകളും
- Posted on August 03, 2021
- Kitchen
- By Remya Vishnu
- 593 Views
ശീ.... ശബ്ദത്തിൽ നെയ്യിൽ മൊരിഞ്ഞ ദോശയും പുതച്ച് മസാല കൂട്ട് അങ്ങനെ പാത്രത്തിൽ നീണ്ടുനിവർന്നു കിടക്കുന്നതിനടുത്ത് രണ്ട് കുട്ടിപിഞ്ഞാണത്തിൽ സാമ്പാറും, ചഡ്ണിയും, കൂടെ നല്ല മധുരത്തിലൊരു ചൂടു കട്ടനും ആഹാ അന്തസ്...
ഒന്നാന്തരം മസാല ദോശ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം..
കൊതിപ്പിക്കുന്ന മണവും മോഹിപ്പിക്കുന്ന നിറവുമായി ദോശ നിങ്ങളുടെ മുന്നിലെത്തുമ്പോൾ അതിന്റെ ചരിത്രം എന്താണെന്ന് എപ്പോഴെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ?
സൗത്ത് ഇന്ത്യൻ ഭക്ഷണത്തിന്റെ മുഖമുദ്രയാണത് ! എങ്കിലും പേര് കേൾക്കുമ്പോൾ ഇതൊരു നോർത്തിന്ത്യൻ വിഭവമല്ലേ എന്നുവേണമെങ്കിൽ തോന്നിയേക്കാം കാരണം നമ്മൾ രണ്ടുപ്രാവശ്യം ദോശ മറിച്ചിടുമ്പോൾ കേൾക്കുന്ന ആ 'ശീ' ശബ്ദം കേട്ട് ഹിന്ദിക്കാർ "ദോ' ശീ എന്ന് പറഞ്ഞു പിന്നീടത് ദോശ ആയിമാറിയതായിരിക്കില്ലേ?
എങ്കിലും നമ്മളിൽ പലരുടെയും വിചാരം ദോശ തമിഴനാണ് എന്നായിരിക്കും. എന്നാൽ അങ്ങനെയങ്ങ് തീർപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഭക്ഷണ ചരിത്രകാരനായ കെ ടി ആചാര്യയുടെ അഭിപ്രായത്തിൽ ദോശയുടെ ഉത്ഭവം തമിഴ്നാട്ടിലാണ്. ഒന്നാം നൂറ്റാണ്ട് മുതൽ അവിടെ ഇത് പ്രചാരത്തിൽ ഉണ്ടായിരുന്നെന്ന് സംഘ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി അദ്ദേഹം പറയുന്നത്.
എന്നാൽ ടി തങ്കപ്പൻ നായരുടെ അഭിപ്രായത്തിൽ ദോശയുടെ ഉത്ഭവം കർണ്ണാടകത്തിലെ ക്ഷേത്ര നഗരിയായ ഉടുപ്പിയാണ്. വീർസന്ഘവിയുടെ അഭിപ്രായത്തിൽ തടിച്ച , മൃദുവായ ദോശയുടെ ഉദ്ഭവം തമിഴ്നാട്ടിലായിരുന്നു . പക്ഷെ ലോകമൊട്ടുക്കും പ്രചരിച്ച നേർത്ത , പരന്ന ദോശയുടെ ഉദ്ഭവം ഉടുപ്പിയിലും ആയിരുന്നത്രേ!
ഇങ്ങനെ ഉത്ഭവത്തിന്റെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്ങ്കിലും ഏറ്റവും ജനപ്രിയമായ സൗത്ത് ഇന്ത്യൻ ഭക്ഷണം ഏതെന്ന കാര്യത്തിൽ ഒരു തർക്കത്തിന് ഇടയുണ്ടാവാൻ സാദ്ധ്യതയില്ലാത്തവണ്ണം പിൽക്കാലത്ത് ദോശ ജനപ്രിയമായി തീർന്നു. നിരവധി വ്യത്യസ്ഥ രുചികളോടെ, അകമ്പടികളോടെ ദോശ രുചിലോകത്തെ , അതിന്റെ മേൽക്കോയ്മ ഊട്ടിയുറപ്പിച്ചു.
അതിനും പുറമേ അനവധി പ്രാദേശിക വൈവിധ്യങ്ങളുടെ ധാരാളിത്തവും ദോശക്കു സ്വന്തം . അരിക്കും ഉഴുന്നിനും പുറമേ ഒരൽപം മൈദയും പൊരിയും ചേർത്ത, തീരെ നേർത്തതല്ലാത്ത , നിർല്ലോഭമായ വെണ്ണയുടെ അകമ്പടിയോടെ എത്തുന്ന ദാവൻഗെരെ ബെണ്ണേ ദോശ, ദോശയുടെ ഉള്ളിൽ സവാളയും വെളുത്തുള്ളിയും ചുവന്നുമുളകും ചേർന്ന ചട്ണിയുടെ ആവരണത്തിൽ മസാലയൊളിപ്പിച്ച മൈസൂർ മസാല ദോശ, അല്പം വെള്ളം കൂടുതലുള്ള , പുളിക്കാത്ത മാവ് കൊണ്ടുണ്ടാക്കുന്ന തുളു വിഭവമായ നീർ ദോശ, തടിച്ച, മൃദുവായ , തെക്കൻ കേരളത്തിന്റെ തട്ട് ദോശക്കു സമാനമായ ദോശ, അരിക്കും ഉഴുന്നിനും കൂടെ ഉലുവയും ചേർന്ന തീരെ പരന്നതല്ലാത്തതും എന്നാൽ നേർത്തതുമായ പാലക്കാടൻ ദോശ എന്നിവ അവയിൽ ചിലത് മാത്രം.
മസാലദോശ എന്നത് നമ്മുക്കെല്ലാം ഏറ്റവും പരിചിതമായ വിഭവമാണ്. ഇതൊരു തെന്നിന്ത്യൻ വിഭവമാണെങ്കിലും . ഇന്ന് ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിലും ഉള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെ ഒരു പ്രധാന വിഭവമാണിത്. ന്യൂയോർക്കിലെ ഹഫിംഗ്ടൺ പോസ്റ്റ് ദിനപത്രം പുറത്തിറക്കിയ സർവേ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് മനുഷ്യൻ മരിക്കും മുൻപ് നിർബന്ധമായും കഴിച്ചിരിക്കേണ്ട 10 വിഭവങ്ങളിൽ ഒന്നാണ് മസാല ദോശ.
ഒരു കാലഘട്ടത്തിൽ സിനിമയിലെ നായികമാർ ഗർഭിണിയാണെന്ന് നായകനെറിയിക്കുന്നത് മസാല ദോശ കൊതി പറഞ്ഞു കൊണ്ടായിരുന്നു. ഓണം മലയാളികളുടെ ദേശീയ ഉത്സമാണെങ്കിൽ. ഗർഭിണികളായ സ്ത്രീകളുടെ ദേശീയ ഭക്ഷണമാണ് മസാല ദോശ എന്നൊരു അടക്കം പറച്ചിലുണ്ട്. മസാല ദോശ ഒരുതവണയെങ്കിലും കഴിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. ഇന്ത്യ ലോകത്തിനു നൽകിയ പോഷക സമൃദ്ധമായ ഒരു ഭക്ഷണകമാണ് നമ്മുടെ മസാലദോശ.