മഞ്ഞ കൊന്ന പിഴുത് മാറ്റി സ്വഭാവീക വനം നില നിർത്താൻ വനം വകുപ്പ്

ഒടുവിൽ കാടാവാസ വ്യവസ്ഥ അടിമുടി നശിപ്പിച്ച, വനം വകുപ്പ് തന്നെ വെച്ച് പിടിപ്പിച്ച മഞ്ഞ കൊന്ന നശിപ്പിക്കാൻ പദ്ധതിയുമായി വനം വകുപ്പ്


സി.ഡി. സുനീഷ്

 വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതുും വന്യജീവികള്‍ക്ക് വിനാശകരമായിട്ടുള്ളതുമായ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന് (കെ.പി.പി.എല്‍) അനുവാദം നല്‍കി സർക്കാർ  ഉത്തരവായി. 

മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തില്‍ പള്‍പ്പ് വുഡായി എടുക്കാന്‍ തയ്യാറാണെന്ന് കെ.പി.പി.എല്‍ അറിയിച്ചിരുന്നു. നോര്‍ത്ത് വയനാട് ഡിവിഷന്റെ പരിധിയില്‍ നിന്നും 5000 മെട്രിക് ടണ്‍ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം നല്‍കിയത്. മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് ഇത് നല്‍കുന്നത്. ഈ തുക സ്വഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിന് വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.  

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം വന്യജീവി സങ്കേതങ്ങളില്‍ നിന്നും യാതൊരുവിധ മരങ്ങളും വാണിജ്യാവശ്യങ്ങള്‍ക്കൊ മറ്റാവശ്യത്തിനോ നീക്കം ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച് മഞ്ഞക്കൊന്ന പോലുള്ള കളകള്‍ നീക്കം ചെയ്യുന്നതിന് തടസ്സമില്ല എന്ന് 2022 ആഗസ്റ്റില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് മന്ത്രി  വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 

നോര്‍ത്തേണ്‍ സര്‍ക്കിളിന്റെ കീഴിലുള്ള വയനാട് വനമേഖലയിലെ വിവിധ ഭാഗങ്ങളിലായി 50 ഓളം ഹെക്ടറിലെ മഞ്ഞക്കൊന്ന മരങ്ങള്‍ ഇതിനകം നിര്‍മ്മാര്‍ജ്ജനം ചെയ്തതായും 110 ഹെക്ടറോളം മഞ്ഞക്കൊന്ന മരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു.

സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിന്റെ ഭാഗമായി 2023-24, 2024-25 വര്‍ഷങ്ങളിലായി 1532.52 ഹെക്ടര്‍ സ്ഥലത്ത് അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റില്‍ തുടങ്ങിയ തോട്ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഈ തോട്ടങ്ങളില്‍ നിന്നും ഒരു ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതിനും കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.

 മഞ്ഞക്കൊന്ന ഉള്‍പ്പെടെയുള്ള അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം വന്യജീവികളുടെ ഭക്ഷ്യലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കാട്ടിനുള്ളില്‍ തന്നെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് സംസ്ഥാനത്ത് ഇതിനകം 1346.54 ഹെക്ടര്‍ സ്ഥലം സ്വാഭാവിക വനങ്ങളാക്കിയിട്ടുണ്ട്. 

ഇതിലൂടെ വന്യജീവികള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കൂടുതല്‍ മെച്ചപ്പെടുത്തുവാനും വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ തന്നെ ഭക്ഷണം ഉറപ്പുവരുത്തുവാനും സാധിക്കും. വന്യജീവികള്‍ വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് വലിയ തോതില്‍ കുറയ്ക്കുന്നതിനും ഇതുവഴി സാധ്യമാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.



Author
Journalist

Arpana S Prasad

No description...

You May Also Like