മാലിന്യസംസ്കരണത്തിലെ ഇ.പി.ആർ മോഡൽ
- Posted on April 12, 2025
- News
- By Goutham prakash
- 111 Views
തിരുവനന്തപുരം: കേരളത്തില്‍നിന്ന് റീസൈക്ലിംഗിന് ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യം താരതമ്യേന മികച്ച ഗുണനിലവാരമുള്ളവയാണെന്ന് ഡാൽമിയ സിമെന്റ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് ശാരിക നൂപുർ പറഞ്ഞു. മാലിന്യസംസ്കരണ രംഗത്തെ സുപ്രധാന മേഖലകളിലൊന്നായ ഉല്‍പാദകരുടെ ഉത്തരവാദിത്തം (ഇപിആര്‍) എന്ന വിഷയത്തില്‍ വൃത്തി കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇപിആറിനെ ഒരു ബാധ്യതയായി കാണാതെ, ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാനുള്ള അവസരമായി കാണണമെന്ന് ബിസ്‌ലേരി ഇന്ത്യ സിഎസ്ആർ ഹെഡ് ബൈജു കുര്യന്‍ പറഞ്ഞു. ഇപിആർ ഒരു നല്ല അവസരമാണെന്നും, സുസ്ഥിരതയും സാമൂഹിക പ്രതിബദ്ധതയും ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ കൂടുതൽ റീസൈക്ലിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ബിസ്‌ലേരി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന ട്രാൻസ്പോർട്ടേഷൻ ചെലവുകളും, കുറഞ്ഞ വിലയും, ഇപിആർ ക്രെഡിറ്റുകൾ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും ഗ്രീൻവേംസ് സ്ഥാപകൻ ജാബിർ കാരാട്ട് ചൂണ്ടിക്കാട്ടി. കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകളും ഇപിആർ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
ഇപിആർ നടപ്പാക്കുന്നതിൽ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെ. സുനിൽ പങ്കുവെച്ചു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് പോലും പലതരം പ്രശ്നങ്ങളുണ്ട്. നിയമം അനുസരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും, നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണം. രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിസ് ഇന്ത്യ അഡ്വൈസർ വിവേക് ജെ എം മോഡറേറ്റായ ചർച്ചയിൽ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്. അധ്യക്ഷത വഹിച്ചു.
