ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല: വിവരാവകാശ കമ്മിഷന്‍

*സി.ഡി. സുനീഷ്*


കൊല്ലം:


സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃതമറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. കൊല്ലം കോര്‍പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല ആര്‍.ടി.ഐ സിറ്റിംഗിലെ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു.

വിവരംനല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരംനല്‍കേണ്ടിവരും. വിവരംനല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്കനടപടിക്ക് വിധേയമാകും. വിവരം വൈകിച്ചാല്‍ 25000 രൂപ വരെ പിഴയും നല്‍കേണ്ടിവരും. ആര്‍ടിഐ അപേക്ഷകരെ ഒരുകാരണവശാലും വിവരാധികാരികള്‍ ഹിയറിംഗിന് വിളിക്കരുത്. ഓഫീസില്‍ ലഭ്യമല്ലാത്തവിവരങ്ങള്‍, അത്‌ലഭ്യമായ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. വിവരം ഫയലില്‍ ഉണ്ടെങ്കില്‍ അത്‌നല്‍കാന്‍ 30 ദിവസം വരെ കാത്തുനില്‍ക്കരുത്.

ഹിയറിങ്ങില്‍ 31 കേസുകളാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി പൊതുമരാമത്ത് റസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് പരാതിനല്‍കിയ വ്യക്തിയെ അപമാനിക്കുന്നതരത്തില്‍ പെരുമാറിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയറെ കമ്മീഷന്‍ താക്കീത് ചെയ്തു.

ഉത്സവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പോസ്റ്റുകളില്‍ ഉച്ചഭാഷിണി സ്ഥാപിച്ചതും അനുമതിയില്ലാതെ ജനറേറ്ററും ശബ്ദവും വെളിച്ചവും ഉപയോഗിച്ചതിനെതിരെ സമര്‍പ്പിച്ച അപേക്ഷയില്‍ വിവരം ലഭ്യമാക്കാതിരുന്ന പെരുമ്പുഴ സെക്ഷന്‍ ഓഫീസിലെ എസ് പി ഐ ഒ  മുഴുവന്‍ വിവരങ്ങളും 10 ദിവസത്തിനകം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചു. കരുനാഗപ്പള്ളി സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ വ്യക്തി സമര്‍പ്പിച്ച അപേക്ഷയ്ക്ക് ബന്ധപ്പെട്ട സഹകരണസംഘം സന്ദര്‍ശിച്ച് 10 ദിവസത്തിനകം വിവരങ്ങള്‍ നല്‍കാനും ഉത്തരവിട്ടു.

  ഫാത്തിമ മാത കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ഹര്‍ജി കക്ഷിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ തീരുമാനമായി.

Author
Citizen Journalist

Goutham prakash

No description...

You May Also Like