*കുട്ടികളുടെ സാഹിത്യലോകത്തിലേക്ക് ഇതു മികച്ച തുടക്കം -പള്ളിയറ ശ്രീധരൻ*
- Posted on August 19, 2025
- News
- By Goutham prakash
- 112 Views
*സി.ഡി. സുനീഷ്*
സാർവ്വദേശീയ സാഹിത്യോത്സവത്തിൽ കുട്ടികളുടെ സാഹിത്യോത്സവത്തിനായി ഒരു ദിനം മുഴുവൻ മാറ്റിവച്ചത് കുഞ്ഞുങ്ങളെ എഴുത്തിന്റെ ലോകത്തേക്ക് ആനയിക്കുന്നതിൽ മികച്ച തുടക്കമാണെന്ന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ. ചങ്ങമ്പുഴ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെ സാഹിത്യശില്പശാലയുടെ പരിപ്രേക്ഷ്യം അവതരണത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കുട്ടികൾക്ക് അവരുടെ എഴുത്തുകൾ ആളുകളെ കാണിക്കുക പ്രയാസമായിരുന്നു. ഇന്നതു മാറി. കുട്ടികൾ ആത്മവിശ്വാസമുള്ളവരാണ്. സമൂഹമാധ്യമങ്ങൾക്കും ഇതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി എഴുതിയിടാൻ അവർക്ക് ഇടങ്ങളുണ്ട്. എങ്കിലും വായന പ്രധാനമാണ്. കുട്ടികളോടു പറയാൻ ഒന്നേയുള്ളൂ ''വായിക്കുക, വായിക്കുക, വായിക്കുക.''
കുട്ടികളിലെ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കാൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ പരിപാടികൾക്ക് സാഹിത്യ അക്കാദമിയിലെ 'കുട്ടികളുടെ സാഹിത്യോത്സവം' പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
*കുട്ടികളുടെ സാഹിത്യോത്സവത്തിൽ വ്യത്യസ്തമായി 'വേറിട്ട നക്ഷത്രങ്ങൾ'*
ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിൽ വേണ്ടത് സഹതാപത്തിന്റെ ഇടമല്ല; സമത്വത്തിന്റേതാണെന്ന് ഇളംതലമുറയെ ബോധിപ്പിച്ചുകൊണ്ടാരംഭിച്ച 'വേറിട്ട നക്ഷത്രങ്ങൾ' സെഷൻ കുട്ടികൾക്ക് പ്രത്യേക അനുഭവമായി. ഷേർളി സോമസുന്ദരവും കാഴ്ചപരിമിതിയുള്ള ശധ ഷാനവാസുമാണ് സെഷൻ നയിച്ചത്. വ്യത്യസ്തമായ ചിന്തകളാണ് കഥകളും കവിതകളുമായി മാറുന്നത്. എല്ലാവരും ഒരുപോലെ ചിന്തിച്ചാൽ വ്യക്തിത്വം നഷ്ടപ്പെടും അതുകൊണ്ടുതന്നെ ഓരോരുത്തരും അവരവരായിരിക്കുക എന്നാണു ശധ ഷാനവാസ് പറഞ്ഞത്.
കഥപറച്ചിലും പാട്ടും കളികളുമായി കുട്ടികളെയും കാണികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഷേർളി സോമസുന്ദരൻ സെഷൻ നയിച്ചത്.
*എം.ടി.യും കുട്ടികളും നിറഞ്ഞുനിന്ന രണ്ടാംദിനം*
*എം.ടി.സെഷനുകൾ മാത്രമായി ഒന്നാംവേദി*
*കുട്ടികളുടെ സാഹിത്യോത്സവത്തിനായി ഒരു ദിനം*
സാർവ്വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തിൽ എം.ടിക്ക് ആദരമർപ്പിച്ച് ഒന്നാംവേദിയിൽ എം.ടി: കാലം കഥ കാഴ്ച എന്ന പേരിൽ മുഴുവൻ സെഷനുകളും എം.ടി.യുടേതു മാത്രമായി മാറി. ''എം.ടി: കഥയും കാലവും,'' ''എം.ടി: ജീവിതപുസ്തകം,'' ''എം.ടി.യുടെ നോവലുകൾ.'' ''എം.ടി: പുതുകാലം, പുതുവായന'' എന്നീ സെഷനുകളിലൂടെ ബഷീർ വേദിയിലെ പരിപാടികൾ എം.ടി.യുടെ ആരാധകർ സ്വന്തമാക്കി. എം.ടി.യുടെ മഞ്ഞ്, നാലുകെട്ട് നോവലുകൾ അടിസ്ഥാനമാക്കി മനോജ് ഡി. വൈക്കത്തിന്റെ സാഹിത്യഫോട്ടോഗ്രാഫി പ്രദർശനം തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ചങ്ങമ്പുഴ വേദിയിൽ ഒരുക്കിയ കുട്ടികളുടെ സാഹിത്യശില്പശാലയും ശ്രദ്ധേയമായി. പള്ളിയറ ശ്രീധരൻ ക്യാമ്പ് ഡയറക്ടറും പ്രിയ എ.എസ്. ക്രിയേറ്റീവ് ഡയറക്ടറുമായ ശില്പശാലയിൽ പ്രിയരാജ് ഗോവിന്ദരാജ്, ഷേർളി സോമസുന്ദരൻ, ശധ ഷാനവാസ്, സി.ആർ.ദാസ്, സംഗീത ചേനംപുല്ലി, ബാലസാഹിത്യത്തിനുള്ള 2024ലെ സാഹിത്യ അക്കാദമി പുരസ്‌കാരജേതാവ് ഇ.എൻ.ഷീജ, സിജിത അനിൽ, അൻവർ അലി, ശ്രീദേവി പ്രസാദ് എന്നിവർ വിവിധ സെഷനുകളിൽ കുട്ടികളുമായി ആശയങ്ങൾ പങ്കുവച്ചു.
*മഞ്ഞും നാലുകെട്ടും ക്യാമറക്കണ്ണിലൂടെ*
എം.ടി.യുടെ മഞ്ഞും നാലുകെട്ടും പ്രശസ്ത സാഹിത്യ ഫോട്ടോഗ്രാഫർ മനോജ് ഡി. വൈക്കം ഫോട്ടോകളിലൂടെ പുനരാവിഷ്‌കരിച്ചത് സന്ദർശക ശ്രദ്ധ നേടി. എഴുത്തിലെ വരികൾ പുനരാവിഷ്‌കരിക്കുന്ന ഫോട്ടോപ്രദർശനം ഫൈൻ ആർട്‌സ് കോളെജിലാണ് ഒരുക്കിയിട്ടുള്ളത്.
കുട്ടികളിൽനിന്നും മുതിർന്നവരാണ്
പാഠങ്ങൾ ഉൾക്കൊള്ളേണ്ടത്: പ്രിയ എ.എസ്.
കുട്ടികൾ വലിയവരാണ്. അവർക്കു പറഞ്ഞുകൊടുക്കുകയല്ല, അവരിൽനിന്നു പഠിക്കുകയാണു വേണ്ടതെന്നു പ്രിയ എ.എസ്. കുട്ടികളുടെ ശില്പശാല പരിപ്രേക്ഷ്യം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ. 'മയിൽപീലിസ്പർശ'മെന്ന കവിതയിൽ അഷിത പറഞ്ഞതുപോലെ ''കുട്ടികൾ നിശ്ശബ്ദരായി ഒരിടത്തു മാറിയിരിക്കേണ്ടവരല്ല, അവരുടെ സ്വത്വത്തെ നമ്മൾ നിർവചിക്കേണ്ടതുമില്ല.''
കുട്ടികൾ കുട്ടിത്തമില്ലാത്തവരായിത്തീരുന്നുവെന്ന ആക്ഷേപം നേരിടുന്ന ഇക്കാലത്ത് അവർക്കുവേണ്ടി മാത്രമായി ഒരു ശില്പശാല ഒരുക്കുകയെന്ന സാഹിത്യഅക്കാദമിയുടെ ഉദ്യമം പ്രസക്തമാണെന്നും പ്രിയ എ.എസ്. പറഞ്ഞു.
*ശാസ്ത്രം പഠിക്കുന്തോറും ഭാവന വളരുന്നു: സി. ആർ. ദാസ്*
'പുതിയ തലമുറ പ്രപഞ്ചങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കുന്നു. ശാസ്ത്രം പഠിക്കുന്തോറും കുട്ടികളുടെ ഭാവന വളരുന്നു. ഭാവന വളർത്തുന്നതിൽ സാഹിത്യത്തിന്റെ പങ്കും വലുതാണ്' - സി. ആർ. ദാസ് പറഞ്ഞു. ഐ.എൽ.എഫ്.കെ രണ്ടാം ദിവസം 'ശാസ്ത്രവും സാഹിത്യവും ഭാവനയും' എന്ന വിഷയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യത്തിൽ ശാസ്ത്രത്തിനുള്ള പ്രസക്തിയെക്കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ സംഗീത ചേനംപുല്ലി സംസാരിച്ചു. യുക്തിസഹജമായി ചിന്തിക്കാനുള്ള കഴിവും ഭാവനയുമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. യുക്തി ചുറ്റുപാടിനെ വിലയിരുത്തുമ്പോൾ ഭാവന ചുറ്റുപാടിനുമപ്പുറത്തേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ശാസ്ത്രം സമാധാനത്തിനു വേണ്ടിയാണ് ഉപയോഗിക്കേണ്ടതെന്നും സംഗീത ഓർമ്മപ്പെടുത്തി.
