ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ ,അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍.
- Posted on June 16, 2025
- News
- By Goutham prakash
- 112 Views
സി.ഡി. സുനീഷ്
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ നടന്ന സംസ്ഥാനതല 'ജനറേറ്റീവ് എഐ ഹാക്കത്തോണ്‍ 2025' ല്‍ സംസ്ഥാനത്തുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ലധികം വിദ്യാര്‍ത്ഥികളും ഐടി പ്രൊഫഷണലുകളും പങ്കാളികളായി.
ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സും ടെക്നോപാര്‍ക്ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വിനിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ജനറേറ്റീവ് എഐ രംഗത്ത് അക്കാദമിക-വ്യവസായ മേഖലകള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ലോകം നേരിടുന്ന എഐ വെല്ലുവിളികളുടെ പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്.
ക്വാണ്ടംവീവ് ഇന്‍റലിജന്‍സ് സ്ഥാപകനും ഡയറക്ടറും കെയുഡിഎസ്ഐടിയിലെ ചീഫ് വിജിലന്‍സ് ഓഫീസറും പ്രൊഫസറുമായ ഡോ. സാബു എം തമ്പി, തിരുവനന്തപുരം ടാറ്റ എല്‍ക്സിയിലെ ജെന്‍ എഐ ആര്‍ക്കിടെക്റ്റായ ഡോ. അഞ്ജന പി ദാസ് എന്നിവര്‍ ചേര്‍ന്ന് സെമിനാറിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളും അധ്യാപകരും വ്യവസായ മേഖലയിലെ പ്രൊഫഷണലുകളും സെമിനാറില്‍ പങ്കെടുത്തു.
നെറ്റ് വര്‍ക്കിംഗ്, സഹകരണം, കഴിവ് പ്രകടമാക്കല്‍ എന്നിവയ്ക്ക് പുറമേ നവീന നിലവാരത്തിലുള്ള എഐ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേരില്‍ പരിചയപ്പെടുന്നതിനുള്ള അവസരവും പങ്കെടുത്തവര്‍ക്ക് ലഭിച്ചു.
വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ബിഐഎ കോഴ്സുകളില്‍ സ്കോളര്‍ഷിപ്പും ലഭിച്ചതിന് പുറമേ ഭാവിയിലെ എഐ പ്രോജക്ടുകളില്‍ സഹകരിക്കുന്നതിനും എഐ മേഖലയിലെ വിദഗ്ധരുമായി സഹകരിക്കുന്നതിനും അവസരവുമുണ്ടായി.
പ്രതിധ്വനി പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, പ്രതിധ്വനി ടെക്നിക്കല്‍ ഫോറം കണ്‍വീനര്‍ രാഹുല്‍ ചന്ദ്രന്‍, ലിറ്റ്മസ് 7 പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ഷിജു എസ് എസ്, ഓഗ്സെന്‍സ് ലാബിലെ റിസര്‍ച്ച് എഞ്ചിനീയര്‍ ഡോ. ദിവ്യ എസ് വിദ്യാധരന്‍, എമര്‍ജിംഗ് ടെക്നോളജി ഡാറ്റാ സയന്‍സ് ലീഡ് ഡോ. ആതിര യു, ബോസ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിലെ അക്കാദമിക് കൗണ്‍സിലര്‍ ലക്ഷ്മി എം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
