തുലാപത്ത് - കഥ

അന്നത്തെ പാവാടക്കാരി പെൺകുട്ടിയിൽ നിന്നും ഞാനൊരുപാട് മാറിയിരിക്കുന്നു

 "അമ്മമ്മേന്റൊറൊക്കെ തെയ്യം നോക്കാൻ പോയെ ഓർമണ്ട ബാലെ ഇൻക്ക്..."വർഷങ്ങൾക്കിപ്പുറം കളിക്കൂട്ടുകാരി ഫോൺ വിളിച്ചപ്പോഴാണ് വീണ്ടുമാ പഴയ തെയ്യക്കാലങ്ങളിലേക്ക് ഊളിയിട്ടു പോയത്. നിരനിരയായി നിരന്നു നിൽക്കുന്ന ചന്തകളും, വർണ ശബളിതമായ ബലൂണുകളും,കോലൈസ്,പാലൈസ് വിളികളും കാതുകളിലിന്നും അലയോലി തീർക്കുന്നുണ്ട്.

"അണിയറ "(തെയ്യക്കാരൻ ചമയങ്ങൾ ചെയ്യുന്നിടം)ക്കടുത്തു ചെന്ന് മലയമ്മാരെ പാട്ടിലാക്കി കുരുത്തോല കൊണ്ടു കളിപ്പാട്ടങ്ങൾ ഉണ്ടാക്കി മേടിക്കാൻ ഞാൻ പണ്ടേ മിടുക്കിയായിരുന്നു." പെമ്പിള്ളേറൊന്നും തെയ്യം കെട്ടുന്നടത്തേക്ക് പൊയ്ക്കൂടപ്പാ എന്ന അമ്മമ്മേടെ പിൻവിളി പോലും വക വയ്ക്കാതെ ആയിരിക്കും ഞങ്ങൾ പിള്ളേരുടെ വിളയാട്ടം.

വീണ്ടുമൊരു തെയ്യക്കാലം കൂടി പിറന്നിരിക്കുന്നു.വിണ്ണിലെ ദൈവങ്ങൾ തെയ്യക്കോലങ്ങളായി പുനർജനിക്കുന്ന ധന്യ നിമിഷങ്ങൾ.ഗ്രാമ ജീവിതത്തിന്റെ തുടിപ്പാണ് തെയ്യം എന്നുതന്നെ പറയാം.തികച്ചും വൈകാരികമായി പൈതൃകത്തെ ചേർത്തു നിർത്തുകയാണ് ഈ ഇടങ്ങൾ.

ഹിന്ദു,മുസ്ലിം,ക്രിസ്ത്യൻ എന്നീ വേർതിരിവ് പോലുമില്ല. തൊട്ടടുത്ത പള്ളിയിൽ നിന്നും എന്തെങ്കിലും കൊണ്ടുവരാതെ കലവറ നിറയാറില്ല.. ഭക്ഷണശാലയിലെ ഒരു പന്തിയിലെങ്കിലും അവർ ഇരുന്ന് കഴിച്ചില്ലെങ്കിൽ അന്നദാനം പൂർണമാവാറില്ല...

തിരുനെറ്റിയിൽ കൈ വെച്ച് അനുഗ്രഹാശിസുകൾ ചൊരിയുമ്പോൾ സങ്കടക്കടൽ മുഴുവനും കണ്ണീരായ് പെയ്തു തീർക്കുന്ന മർത്യജന്മങ്ങൾ ഇന്നും കണ്മുന്നിൽ കാണുന്നു. ഉള്ളം കയ്യിൽ വീഴുന്ന മഞ്ഞൾക്കുറി പ്രസാദം ഭക്തമനസുകളുടെ വേദനകൾ അകറ്റാനുള്ള മറുമരുന്ന് കൂടിയാവാറുണ്ട് പലപ്പോഴും...

വർഷങ്ങളിങ്ങനെ കടന്നു പോയിക്കൊണ്ടിരിക്കുന്നു.അന്നത്തെ പാവാടക്കാരി പെൺകുട്ടിയിൽ നിന്നും ഞാനൊരുപാട് മാറിയിരിക്കുന്നു.കാലമെത്ര ഓടി മറഞ്ഞാലും,കോലങ്ങളങ്ങ് മാറിയാലും കേളികൊട്ടുയരുന്ന ദിക്കിൽ ഞാനെന്നുമുണ്ടാവും.ഇടവപ്പാതിയിൽ ഇമ ചിമ്മിയ തെയ്യക്കോലത്തിന്റെ വരവും കാത്ത്.....

സുബിബാല 

നിഷ്കളങ്കമായ ചിരിയും സന്തോഷവും കാണാനാണ് ജോസച്ചാച്ചൻ എല്ലാവർഷവും പിറന്നാളാഘോഷിക്കുന്നത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like