നടൻ നെടുമുടി വേണു വിട വാങ്ങി
- Posted on October 11, 2021
- Cinemanews
- By Sabira Muhammed
- 255 Views
സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു

നടൻ നെടുമുടി വേണു വിട വാങ്ങി.ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകൾക്ക് തിരക്കഥ രചിക്കുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹത്തെ തേടി എത്തീട്ടുണ്ട്.
കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം 1948 മെയ് 22-ന് കുട്ടനാട്ടിലാണ്. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിൻ്റെ സിനിമ ജീവിതത്തിൽ നിർണായകമായി മാറി.
പത്ര പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ച വേണുഗോപാൽ നാടകരംഗത്ത് സജീവമായതോടെയാണ് സിനിമയിൽ എത്തുന്നത്. ഇക്കാലയളവിലാണ് വേണുഗോപാൽ എന്ന പേരിന് പകരം നെടുമുടി വേണു എന്ന പേര് സ്വീകരിച്ചത്.
ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടൻ എന്ന നിലയിൽ തൻ്റെ ഇടം രേഖപ്പെടുത്തി. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ്.