ദ്രൗപദി മുർമു മേയ് പതിനെട്ടിന് കേരളത്തിൽ.
- Posted on May 05, 2025
- News
- By Goutham prakash
- 116 Views
സി.ഡി. സുനീഷ്.
തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുമെന്ന് വിവരം. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇടവ മാസ പൂജയ്ക്കായി രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ മരാമത്ത് ജോലികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
