ഔഷധ - വിഷ സസ്യം മേന്തോണി
- Posted on August 13, 2021
- Health
- By Deepa Shaji Pulpally
- 881 Views
ഔഷധസസ്യമാണെങ്കിലും, മിക്ക ഭാഗങ്ങളിലും 'കോൾച്ചിസിൻ 'എന്ന വിഷമയ ആൽക്കലോയ്ഡ് അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വൈദ്യ നിർദേശമില്ലാതെ ഉപയോഗിക്കാൻ പാടില്ല
നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും, കാടുകളിലും, വേലിപ്പടർപ്പിലും,മുറ്റത്തും, തൊടിയിലുമെല്ലാം വർണ്ണ പൂക്കളുമായി പടർന്നുകയറുന്ന മേന്തോണി പൂവള്ളിയെ. ഇത് പൂവണിയുന്നത് മഴക്കാലത്താണ്.
വർണ്ണ ചാതുര്യം കൂട്ടുന്ന തരത്തിൽ ചുവപ്പ്, മഞ്ഞ, പച്ച കലർന്ന മഞ്ഞ, സ്വർണ്ണനിറം തുടങ്ങിയ നിറങ്ങളിൽ പൂത്ത് നിൽക്കുന്ന ഇവക്ക് ആരെയും വേഗം ആകർഷിക്കാനുള്ള കഴിവുണ്ട്.
'കോൾചിക്കേസി 'എന്ന സസ്യകുടുംബത്തിൽപെട്ട ഇത് സിംബാബ്‌വേയുടെ ദേശീയ പുഷ്പമാണ്. കലിഹരി, ലാംഗലിക, ഹരിപ്രിയ, അഗ്നിശിഖ, ചക്ര പുഷ്പി എന്നീ പേരുകളും മേന്തോണിക്കുണ്ട്.
ഇതിന്റെ ഒരു പ്രത്യേകത ഔഷധസസ്യമാണെങ്കിലും, മിക്ക ഭാഗങ്ങളിലും 'കോൾച്ചിസിൻ 'എന്ന വിഷമയ ആൽക്കലോയ്ഡ് അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വൈദ്യ നിർദേശമില്ലാതെ ഉപയോഗിക്കാൻ പാടില്ലെന്നുള്ളതാണ്.
മന്തോണി പൂവിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്നല്ലേ!
നാം പലപ്പോഴും പൂക്കളുടെ വർണ്ണ ചാതുര്യം നോക്കി കണ്ട് കടന്നുപോവുകയാണ് പതിവ്. എന്നാൽ ഇവക്ക് ഔഷധഗുണമുള്ളതിനാൽ തെക്കൻ ആഫ്രിക്ക മുതൽ ഏഷ്യ വരെയും, ഓസ്ട്രേലിയ, പസഫിക്ക്, ഇന്ത്യയിലും കൃഷി ചെയ്തു വരുന്നുണ്ട്.
പല രോഗങ്ങൾക്കും പ്രത്യേകിച്ച് വാതം, പനി, കഠിനമായ പേശി വേദന, സന്ധികളിലെ നീര്, കുഷ്ഠം, ചിലന്തിവിഷം, അൾസർ, ത്വക് രോഗങ്ങൾ, വിരശല്യം തുടങ്ങിയവയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. മേന്തോണി ഘടകങ്ങൾ കൂടുതലായി കാസീസാദി തൈലം, ചിത്രകാദി തൈലം, ലാംഗ ലീ രസായനം, മഹാമരീ ചാദി തൈലം ഇവയിൽ ആയുർവേദ വിധി പ്രകാരം ഉപയോഗിക്കുന്നുണ്ട്.