അരോറൂട്ട് എന്ന കൂവ
- Posted on November 08, 2021
- Ayurveda
- By Deepa Shaji Pulpally
- 1160 Views
പോഷകസമൃദ്ധമായ കൂവയുടെ വിശേഷങ്ങൾ കേട്ടു നോക്കാം
കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗമാണ് കൂവ. കൂവക്കിഴങ്ങ് വിശേഷപ്പെട്ട ഒരു ഭക്ഷണമാണ്. ഇതിന്റെ ശാസ്ത്രീയ നാമം കർക്കുമാ അങ്ങ്സ്റ്റിഫോലിയ ( Curcuma Angustafolia ) എന്നാണ്. പുരാതനകാല കരീബിയൻ ദ്വീപുകളിൽ കൂവയെ ആഹാരം എന്നർത്ഥം വരുന്ന അരു - അരു എന്നാണ് പേരിട്ട് വിളിച്ചിരുന്നത്. പണ്ട് കാലത്ത് അമ്പേറ്റ മുറിവുണങ്ങുന്നതിനും, മുറിവിലൂടെയുള്ള വിഷബാധ തടയുന്നതിനും കൂവക്കിഴങ്ങിന്റെ നീര് അരച്ച് പുരട്ടിയിരുന്നു. ഈ കാരണത്താലാണ് കൂവയ്ക്ക് " ആരോറൂട്ട്" എന്ന ഇംഗ്ലീഷ് പേര് ലഭിച്ചത്.
കൂവ കൃഷിയുടെ പ്രധാനലക്ഷ്യം ഇതിന്റെ നീരിൽ നിന്നും കിട്ടുന്ന കൂവപ്പൊടി ആണ്. കൂവപ്പൊടി ആരോറൂട്ട് ബിസ്‌ക്കറ്റ് ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കൂവക്കിഴങ്ങ് വിളവെടുപ്പ് കാലത്തെ ഒരു പ്രധാന ഭക്ഷണമാണ് കൂവ പുഴുങ്ങിയത്. കൂവ പൊടി കൊണ്ട് കുറുക്ക്, പുഡിങ്, കേക്ക്, ഹൽവ, പായസം തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കൂവപ്പൊടി കുറുക്കി കഴിക്കുന്നത് അതിസാരത്തിനു നല്ലതാണ്. കൂവകൃഷിക്ക് പ്രത്യേകിച്ച് പരിചരണം ഒന്നും ആവശ്യമില്ല . നീല കൂവ, മഞ്ഞക്കൂവ, വെള്ളക്കൂവ എന്നീ മൂന്ന് ഇനങ്ങളാണുള്ളത്.
കൂവയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ്?
കൂവപ്പൊടിയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തെ തണുപ്പിക്കാനും, ഉഷ്ണരോഗങ്ങളിൽ നിന്ന് രക്ഷിക്കാനും അപൂർവ്വ കഴിവാണ് കൂവയ്ക്കു ഉള്ളത്. നാരുകളാൽ സമ്പന്നമായതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കൂവക്ക് കഴിവുണ്ട്. വയറിളക്കം, മൂത്രപ്പഴുപ്പ് തുടങ്ങിയ അസുഖങ്ങൾ തടയാനും രോഗശമനത്തിനും പഴമക്കാർ ഉപയോഗിച്ചിരുന്നു. ദഹനേന്ദ്രിയ കോശങ്ങളെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതിനാൽ മുതിർന്നവർക്ക് മികച്ച ഭക്ഷണമാണ് കൂവപ്പൊടി.
ദഹന ശേഷി വർദ്ധിപ്പിക്കുകയും, ദഹനേന്ദ്രിയങ്ങളുടെ മികച്ച ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൊഴുപ്പും , നാരുകളും ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നതും ആയതുകൊണ്ട് പ്രമേഹരോഗികൾക്കും, ഹൃദ്രോഗികൾക്കും ചേർന്ന ഭക്ഷണമാണ്. മൂത്രച്ചൂട്, മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങൾ വരാതിരിക്കാനും കൂവ ഉത്തമമാണ്. കുട്ടികൾക്കും, മുതിർന്നവർക്കും ശരീരത്തിന്റെ ക്ഷീണം മാറ്റാനും ഉന്മേഷം ലഭിക്കാനും അത്യുത്തമമാണ് കൂവപ്പൊടി.