"ക്രിസ്മസ് കേക്കിന്റെ കഥ" കൂടെ ഡ്രൈ ഫ്രൂട്സ് സോക് ചെയ്യുന്ന മനോഹരമായ വിഡിയോയും

 ക്രിസ്മസിന് ക്രിസ്മസ് ഗാനം പോലെ തന്നെ മധുരതരമാണ് ഏവര്‍ക്കും ക്രിസ്മസ്  കേക്ക്.  ക്രിസ്മസ് കേക്ക് രുചിച്ചില്ലെങ്കില്‍ ക്രിസ്മസ് പൂര്‍ണ്ണമായില്ല എന്ന് കരുതുന്നവരാണ് നമ്മള്‍. നൂറ്റാണ്ടുകളായി നമ്മെ കൊതിപ്പിക്കുന്ന ക്രിസ്മസ് കേക്കിനുമുണ്ട് ഒരു ചരിത്രം.

മദ്ധ്യകാല ഇംഗ്ലണ്ടിലാണ് പ്ലം കേക്കിന്റെ തുടക്കം. ക്രിസ്മസിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ആളുകള്‍ ക്രിസ്മസിന് ഒരുക്കമായി നോമ്പും ഉപവാസവും ആചരിച്ചിരുന്നു. ലൗകീകമായ എല്ലാ ആനന്ദങ്ങളില്‍ നിന്നും ആ നാളുകളില്‍ അവര്‍ അകന്നുനില്‍ക്കും.  ക്രിസ്മസിന് തലേന്ന് അവര്‍ കഴിച്ചിരുന്ന വിഭവമായിരുന്നു പ്ലം പോറിഡ്ജ്. തനി ലോക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ കഞ്ഞി. പിന്നീട് ആ പോറിഡ്ജില്‍ ഓട്ട്‌സും സ്‌പൈസസും തേനും ചിലപ്പോള്‍ ബീഫും ചേര്‍ത്തു. പിറ്റേന്നത്തെ വിഭവസമൃദ്ധമായ ആഘോഷത്തിന് വയറിനെ ഒരുക്കുകയായിരുന്നു ലക്ഷ്യം. അന്നത്തെ ഈ പോറിഡ്ജ് ആണ് ക്രിസ്മ്‌സ് പ്ലം കേക്കിന്റെ മുതുമുത്തച്ഛന്‍. 

പതിനാറാം നൂറ്റാണ്ടിനു ശേഷം  ഓരോ ക്രിസ്മസും കഴിയുന്തോറും ഓരോരുത്തരും അവരുടെ മനോധര്‍മ്മമനുസരിച്ച് ഓരോ ചേരുവകള്‍ ചേര്‍ത്തു.. ഓട്‌സിന് പകരം അതില്‍ ധാന്യപൊടിയും ഉണക്കമുന്തിരിയും സ്ഥാനംപിടിച്ചു. ക്രിസ്മസ് തലേന്ന്  ഫാസ്റ്റിംഗ് കഴിഞ്ഞ് കഴിക്കാനായി ഉണ്ടാക്കിയിരുന്ന പ്ലം പോറിഡ്ജ്. പല ചേരുവകള്‍ ചേര്‍ന്നതോടെ  ക്രിസ്മസ് പുഡ്ഡിംഗ് ആയി മാറി. അങ്ങനെ കഞ്ഞിരൂപത്തിലുണ്ടായിരുന്ന പഴയ പോറിഡ്ജ് കുറച്ചുകൂടി കട്ടികൂടി മാവിന്റെ രൂപത്തിലായി.  ആ മാവ് ആകട്ടെ അവര്‍ മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് ചൂടുവെള്ളം നിറച്ച പാത്രത്തില്‍ വെച്ച് ചൂടാക്കാന്‍ തുടങ്ങി. അത് ഒരു ബോളിന്റെ രൂപത്തിലായിത്തീര്‍ന്നു. ബേക്കിംഗ് സൗകര്യമുണ്ടായിരുന്ന സമ്പന്നര്‍ വെള്ളത്തിലിട്ട് ചൂടാക്കാതെ, അത് ബേക്ക് ചെയ്‌തെടുത്തു തുടങ്ങി.  കേക്കിന് ഒരു നിയതരൂപവും കൈവന്നു. 

പിന്നീട് ക്രിസ്മസിനു തൊട്ടുമുമ്പ് വരെ കാത്തിരിക്കാതെ,  ഡിസംബര്‍ ആദ്യം തന്നെ കേക്കുണ്ടാക്കി തുടങ്ങുന്ന പതിവിലേക്ക് മാറി. അതോടെ കേക്കുകള്‍ അലങ്കരിച്ചുതുടങ്ങി. പക്ഷേ, എന്തുകൊണ്ടാണ്  പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആര്‍ക്കും അറിയില്ല.  ഒരു പക്ഷേ അതിന് കാരണം അതില്‍ ചേര്‍ത്തിരുന്ന പ്രധാന ചേരുവകളിലൊന്ന്  ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതല്ല ഒറിജിനല്‍ പോറിഡ്ജില്‍ പ്ലം ചേര്‍ത്തിരുന്നതുകൊണ്ടാവാം ആ പേര് വീണതെന്ന് പറയുന്നവരും ഉണ്ട്. 

കാലം ഒരുപാട് കഴിഞ്ഞെങ്കിലും കേക്കിന്റെ പ്രിയം കൂടിക്കൂടി വരുന്നതേയുള്ളു. 19-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലത്ത് കേക്ക് ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോകുമെന്ന് കരുതിയിരുന്നു. കാരണം വിക്ടോറിയ രാജ്ഞി ക്രിസ്മസ് കഴിഞ്ഞുവരുന്ന ട്വെല്‍ത് നൈറ്റ് നിരോധിച്ചപ്പോള്‍. അന്നത്തെ പ്രധാനവിഭവും ഈ പ്ലം കേക്ക് തന്നെയായിരുന്നു. പക്ഷേ, രാജ്ഞി മണ്‍മറഞ്ഞെങ്കിലും കേക്ക് പിടിച്ചുനിന്നു. 

ഇംഗ്ലണ്ടില്‍ നിന്ന് ഈ കേക്കിന്റെ മാധുര്യം ലോകം മുഴുവന്‍ പടര്‍ന്നത് ബ്രിട്ടീഷ് കോളനികളില്‍ ജോലിചെയ്തിരുന്ന ബ്രിട്ടീഷ്‌കാരിലൂടെയായിരുന്നു. അവരുടെ കോളനികളായിരുന്ന അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന ബ്രിട്ടീഷ് കുടുംബങ്ങള്‍ കേക്കുണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് ക്രിസ്മസ് കേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രചാരം നേടിയത്. അവരാണ് ക്രിസ്തുമസിന് കേക്കും വൈനും പ്രചാരത്തിലാക്കിയത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൊണ്ട് പ്ലം കേക്ക് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും സാധാരണമായി. ചില സ്ഥലങ്ങളില്‍ ക്രിസ്മസിന് മുന്നോടിയായി ക്രിസ്മസ് കേക്ക് മിക്‌സിംഗ് തന്നെ ചടങ്ങായി മാറിക്കഴിഞ്ഞു. നട്‌സ് മാത്രമല്ല ചിലര്‍ അതില്‍ ബ്രാന്‍ഡിയും റമ്മും  ചേര്‍ക്കുന്നു. 

അങ്ങനെ പ്ലം പോറിഡ്ജ് കേക്കായി രൂപം പ്രാപിച്ചെങ്കിലും ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ള ചേരുവകള്‍ ചേര്‍ത്തെങ്കിലും ഒരു കാര്യം എല്ലായിടത്തും ശരിയാണ് ഈ പ്ലം കേക്കിലൊന്നും പ്ലമ്മിന്റെ അംശമേയില്ല.

ഏതായാലും നമുക്ക് ഈ ക്രിസ്തുമസിന് പ്ലം കേക്ക് ഉണ്ടാക്കാൻ ആരംഭിക്കാം , അഞ്ചുകിലോ ഡ്രൈ ഫ്രൂട്സ് റം ചേർത്ത് സോക് ചെയൂന്നുന്നതെങ്ങനെ ആണെന്ന് നോക്കാം 


Author
ChiefEditor

enmalayalam

No description...

You May Also Like