സ്റ്റാൻ സ്വാമി: നീതിയുടെ വിളക്കുമാടം

സ്വന്തം ലേഖകൻ


ഫാസിസ്റ്റ് അധികാരവ്യവസ്ഥക്കു വഴങ്ങിക്കൊടുക്കാതെ ആദിവാസികളും ദരിദ്രരുമായ സാധാരണ ജനങ്ങൾക്കു നീതി ലഭിക്കാൻ വേണ്ടി സമരം ചെയ്ത പോരാളിയായിരുന്നു സ്റ്റാൻ സ്വാമിയെന്ന്  കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു പറഞ്ഞു. 


ഭീമ-കൊറേഗാവ് കേസിൽ വ്യാജമായി പ്രതി ചേർക്കപ്പെടുകയും മുംബൈയിലെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണപ്പെടുകയും ചെയ്ത ഝാർഖണ്ഡിൽ നിന്നുള്ള ജെസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു കൊണ്ടു നടന്ന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അവർ.


സ്റ്റാൻ സ്വാമിയോട് ജുഡീഷ്യറി അടക്കമുള്ള ഇന്ത്യൻ ഭരണകൂടം അന്യായമാണ് കാണിച്ചതെന്ന് ബിന്ദു പറഞ്ഞു. പാർക്കിൻസൺസ് രോഗം ബാധിച്ച് അവശനിലയിലായ സ്റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ വേണ്ടി അടപ്പുള്ള ഒരു പാത്രം നൽകണമെന്ന അപേക്ഷ യഥാസമയം അനുവദിക്കാൻ പോലും കോടതി തയ്യാറായില്ല. സ്റ്റാൻ സ്വാമിയുടേത് ഒരു സ്വാഭാവിക മരണമായി കണക്കാക്കാനാവില്ലെന്നും അതൊരു കസ്റ്റഡി കൊലപാതകമാണെന്നും അവർ കുറ്റപ്പെടുത്തി.


ക്രിസ്തുവിനെപ്പോലെ ധീരമനസ്ക്കനായാണ്സ്റ്റാൻ സ്വാമി ഭരണകൂടത്തിൻ്റെ പീഡനങ്ങളെ നേരിട്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.എം.പി. നേതാവ് സി.പി. ജോൺ പറഞ്ഞു. ബൊളീവിയയിൽ പട്ടാളത്തിൻ്റെ വെടിയേറ്റു മരിച്ച ചെ ഗുവേരയിലും ഇതേ ധീരത നമുക്കു കാണാമെന്ന് ഗുവേരയുടെ ജീവചരിത്രത്തിൻ്റെ വിവർത്തകൻ കൂടിയായ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സംഘടനാപരമായ ബാദ്ധ്യതയായിട്ടല്ലാതെ സ്റ്റാൻ സ്വാമിയെ അനുസ്മരിക്കാൻ തയ്യാറായവരുടെ നൈതികമായ പ്രതിബദ്ധതയെ സി.പി. ജോൺ അഭിനന്ദിച്ചു.


ഐക്കഫ് ഡയറക്ടർ ഫാദർ. ബേബി ചാലിൽ സ്റ്റാൻ സ്വാമിയുടെ ജീവിതരേഖ അവതരിപ്പിച്ചു.  

സിസ്റ്റർ തെറമ്മ പ്രായിക്കുളം, ഫാദർ. സണ്ണി കുന്നപ്പള്ളി, ഡോക്ടർ. ഐറിസ് കൊയ്ലൊ എന്നിവർ സംസാരിച്ചു.


ഡോ. ആന്റണി പാലയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. പി.കെ. വേണുഗോപാലൻ സ്വാഗതവും പി.വൈ. അനിൽകുമാർ കൃതജ്ഞതയും രേഖപെടുത്തി.

Author
Citizen Journalist

Goutham prakash

No description...

You May Also Like