വിഴിഞ്ഞം മത്‌സ്യതൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും : മന്ത്രി വി എന്‍ വാസവന്‍.

വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം മൂലം ജീവനോപാധി നഷ്ടപ്പെട്ടവരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ തുടരുമെന്നും എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടിയുള്ള അപ്പീല്‍ കമ്മിറ്റിയും മൊണിട്ടറിങ്ങ് കമ്മിറ്റിയും അവയുടെ പ്രവര്‍ത്തനം തുടരും. പ്രദേശവാസികളുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ പ്രാദേശിക മോണിറ്ററിംഗ് കമ്മറ്റിയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് കമ്മറ്റിയുമാണ് നിലവിള്ളുത്. ഇനിയുള്ള കാര്യങ്ങളും  അവര്‍ പരിശോധിക്കയും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടത്തുകയും ചെയ്യും.

 നഷ്ടപരിഹാരം നല്‍കി എല്ലാം അവസാനിപ്പിക്കുക എന്നതല്ല സര്‍ക്കാരിന്റെ രീതി. വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം അതിനുവേണ്ടി പലതും നഷ്ടപ്പെടുത്തുന്ന ജനതയെ കൂടെ കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ പ്രതിജ്ഞാബന്ധമായ സര്‍ക്കാരാണിത്. നല്‍കിയ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കും. 

 വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ജീവനോപാധി നഷ്ടപരിഹാര ഇനത്തില്‍ നാളിതുവരെ 107.28 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. 2700 പേരാണ് ഇതുവരെ നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത്. 284 പേര്‍ക്കായി 8.76 കോടി രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. 

 വിഴിഞ്ഞ തുറമുഖത്തിന്റെ അടുത്തഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നാംഘട്ടത്തിന്റെ കമ്മീഷനിങ്ങ് കഴിഞ്ഞാലുടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ കമ്മീഷനിങ്ങ് നടത്താന്‍ കഴിയും എന്നാണ് കരുതുന്നത്. ഇതിന് പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഡേറ്റ് ലഭിക്കേണ്ട കാലതാമസം മാത്രമേയൊള്ളു.

 അതിനൊപ്പം റെയില്‍,റോഡ് വികസന പദ്ധതികളും യാഥാര്‍ത്ഥ്യമാവും. അതിനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

  മത്‌സ്യ തൊഴിലാളികള്‍ക്ക് നകാനുള്ള മുഴുവന്‍ നഷ്ടപരിഹാരവും നല്‍കുമെന്നും അവര്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മത്‌സ്യ ബന്ധന വകുപ്പ് മന്ത്രി  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എ വിന്‍സന്റ് എം എല്‍. എ , തുറമുഖ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ: എ കൗശികന്‍, വി സില്‍ മാനേജിങ്ങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കൗണ്‍സിലര്‍മാരായ നിസാമുദീന്‍, പനിയടിമജോണ്‍,  കോട്ടപ്പുറം ഇടവക വികാരി നിക്കോളാസ് തര്‍സിയൂസ്, ജമാഅത്ത് പ്രസിഡന്റ് മുഹമദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like