തൃശൂർ കോർപ്പറേഷൻ മാലിന്യരഹിത നഗരമാകുന്നു

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന കടമ ഓരോ പൗരനും നിർവഹിച്ചാൽ മാത്രമേ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയു

തൃശ്ശൂര്‍ സീറോ വേയ്സ്റ്റ് കോര്‍പ്പറേഷനാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലേയ്ക്ക്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 2023 ഡിസംബറോടെ സീറോ വേസ്റ്റ് കോര്‍പ്പറേഷനാക്കുന്ന നടപടികള്‍ അതിവേഗം പൂര്‍ത്തീകരിച്ച് അന്തിമഘട്ട ത്തിലേയ്ക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കേന്ദ്ര സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മേധാവികളുടേയും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് ഭാരാവാഹികളുടേയും പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. 

കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുന്നതിനും നടത്തിപ്പിനായി ഒരു നോഡല്‍ ഓഫീസറെ തെരഞ്ഞെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ ബയോബിന്നുകളില്‍ നിക്ഷേപിച്ച് വളമാക്കുകയും അതിനാവശ്യമായ ബയോബിന്നുകള്‍ ആവശ്യാനുസരണം ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കോര്‍പ്പറേഷന്‍ നല്‍കുന്നതാണ്. കാന്റീന്‍ ഉള്‍പ്പെടെ വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യാനുസരണം ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്. പ്ലാസ്റ്റിക്, ബാഗ്, ചെരുപ്പ് തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കി കൈമാറേണ്ടതാണ്. നിലവില്‍ 15 സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമാണ് ഹരിതകര്‍മ്മ സേന വഴി ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇലക്ട്രോണിക് വേസ്റ്റുകള്‍ സ്ഥാപന മേധാവികള്‍ക്ക് യഥേഷ്ടം കേരള കമ്പനിയുമായി കരാറിലേര്‍പ്പെട്ട് കൈമാറാവുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ കോമ്പൗണ്ടുകളിലെ ഇല, പൂവ്, കായ മുതലായ വേയ്സ്റ്റുകള്‍ സ്ഥാപനങ്ങളുടെ പുറത്ത് എയറോബിന്നുകള്‍ സ്ഥാപിച്ച് നിക്ഷേപിക്കേണ്ടതാണ്. നിക്ഷേപ പ്രവൃത്തികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഡിസംബര്‍ 1 നകം സ്ഥാപന മേധാവികള്‍ രേഖാമൂലം എഴുതി തയ്യാറാക്കിയ സാക്ഷ്യപത്രം കോര്‍പ്പറേഷന് നല്‍കണം. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന കടമ ഓരോ പൗരനും നിർവഹിച്ചാൽ മാത്രമേ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയു.



Author
No Image
Journalist

Dency Dominic

No description...

You May Also Like