പത്തനംതിട്ട സ്വദേശിയായ യുവാവിനെ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി.
- Posted on April 07, 2025
- News
- By Goutham prakash
- 105 Views
ജോലി സമ്മർദത്തെതുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി ചീരംകുളം ഇട്ടിക്കൽ ജേക്കബ് തോമസിനെയാണ് (23) മുട്ടമ്പലം സ്‌കൈലൈൻ ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഐ.ടി കമ്പനിയിലെ ജോലിക്കാരനായ യുവാവ് അമിത ജോലി സമ്മർദത്തിലായിരുന്നുവെന്നും രാത്രി ഏറെ വൈകിയും ജോലി ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.
പുലർച്ചെ രണ്ടിന് മാതാവിന്‍റെ മൊബൈലിലേക്ക് താൻ ഫ്ലാറ്റിൽനിന്ന് ചാടാൻ പോകുന്നുവെന്ന വിഡിയോ സന്ദേശം അയച്ചിരുന്നു. ഉറക്കത്തിലായതിനാൽ ഇവർ സന്ദേശം കണ്ടില്ല. പുലർച്ച അഞ്ചരയോടെ എഴുന്നേറ്റപ്പോൾ മകനെ കാണാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഫ്ലാറ്റിന് താഴെവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് ഫോണിലെ സന്ദേശം കാണുന്നത്.
ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മാതാവിന്‍റെയും മകന്‍റെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പും കൊണ്ടുപോയി. വിശദപരിശോധനക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.നാല് മാസം മുൻപാണ് ജേക്കബ് തോമസ് ഈ കമ്പനിയിൽ ജോലിക്ക് കയറുന്നത്. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിലുള്ള ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
